thee-anaykkunnu

മാന്നാർ: കത്തുന്ന വേനലിൽ പാടത്തും പറമ്പിലും അടയ്ക്കടിയുണ്ടാകുന്ന തീപിടുത്തം നാടിന്റെ ഉറക്കം കെടുത്തുന്നു. മാന്നാറിലും പരിസരം പ്രദേശങ്ങളിലും രണ്ടാഴ്ചക്കുള്ളിൽ നാലിടങ്ങളിലാണ് തീപിടുത്തം ഉണ്ടായത്. അവസാനമായി ഇന്നലെ കുട്ടംപേരൂർ മുട്ടേൽ ജംഗ്ഷന് വടക്കുള്ള ഇലക്ട്രിക് സബ്‌സ്റ്റേഷനു സമീപത്തെ അലിൻഡ്‌ സ്വിച്ച് ഗിയർ ഡിവിഷന്റെ ഉടമസ്ഥതയിലുള്ള പതിനാറു ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കാടുപിടിച്ച സ്ഥലത്താണ് തീപിടിച്ചത്.

ചെങ്ങന്നൂർ, മാവേലിക്കര ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ രണ്ടു യൂണിറ്റുകളും പ്രദേശവാസികളും മണിക്കൂറുകളോളം പണിപ്പെട്ടാണ് തീ അണച്ചത്. അലിൻഡ്‌ സ്വിച്ച് ഗിയർ ഡിവിഷനിലെ സി.ഐ.ടി.യു എംപ്ലോയീസ് യൂണിയൻ നേതാക്കളായ സുരേഷ്‌കുമാർ, ശെൽവരാജ്, ധനീഷ്, ധിനിലാൽ, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, ഗ്രാമപഞ്ചായത്തംഗങ്ങളായ സുജാത മനോഹർ, സലിം പടിപ്പുരയ്ക്കൽ, വത്സല ബാലകൃഷ്ണൻ, രാധാമണി ശശീന്ദ്രൻ, മധുപുഴയോരം തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു

ചെങ്ങന്നൂർ സ്റ്റേഷൻ ഓഫീസർ സുനിൽ ജോസഫ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നൗഷാദ്, ഫയർ ഓഫീസർമാരായ സുനിൽ ശങ്കർ, നന്ദു, അരുൺ കെ.എസ്, അരുൺ ഓതറ, ഫയർമാൻ ഡ്രൈവർ കൃഷ്ണകുമാർ എന്നിവരും മാവേലിക്കരയിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനി, ഫയർമാന്മാരായ സുദീപ് കുമാർ, മനോജ്.എം, ഫയർമാൻ ഡ്രൈവർ പുഷ്പരാജ് കെ. പി, ഹോം ഗാർഡ് ഗോപകുമാർ. ജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

ദിവസങ്ങൾക്കു മുമ്പ് കുട്ടമ്പേരൂർ നാലേകാട്ടിൽ ക്ഷേത്രത്തിന് സമീപത്തെ ഉണങ്ങിയ പുല്ല് നിറഞ്ഞ പറമ്പ്, കുട്ടമ്പേരൂർ പതിനൊന്നാം വാർഡിലെ തോപ്പിൽ പാടം, മാന്നാർ ടൗണിനോട് ചേർന്നുള്ള കുരട്ടിശ്ശേരി കോവുംപുറത്ത് പാടത്തുമാണ് ഇതിനുമുമ്പ് തീപിടിച്ചത്.

പരിഭ്രാന്തരായി പ്രദേശവാസികൾ
അലിൻഡ്‌ സ്വിച്ച് ഗിയർ ഡിവിഷന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ച സ്ഥലത്ത് ഇന്നലെ ഉച്ചകഴിഞ്ഞാണ് തീപിടുത്തമുണ്ടായത്. വെയിലേറ്റ് വാടിക്കരിഞ്ഞ കാട്ടിൽ തീ കത്തിപ്പടർന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി. സബ്‌സ്റ്റേഷനു സമീപത്തായതിനാൽ ചെങ്ങന്നൂർ, മാന്നാർ 33 കെ.വി ലൈൻ ഓഫ് ചെയ്യേണ്ടി വന്നു. ഇതോടെ മണിക്കൂറുകളോളം മാന്നാറിലും പരിസരങ്ങളിലും വൈദ്യുതിയും ഇല്ലാതായി.