ആലപ്പുഴ : ആലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് കൺവൻഷനുകൾക്ക് തുടക്കമായി. അരൂർ, ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിലായിരുന്നു കൺവെൻഷനുകൾ. രാത്രിയോടെ കരുനാഗപ്പള്ളിയിൽ റോഡ് ഷോയും നടത്തി. തുറവൂരിൽ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, ചേർത്തലയിൽ വി.ടി.എ.എം ഹാളിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ കോൺഗ്രസ് നേതാവ് വി.എം.സുധീരൻ എന്നിവരാണ് കൺവൻഷനുകൾ ഉദ്ഘാടനം ചെയ്തത്. കെ.സി.വേണുഗോപാലിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9ന് റോയൽ പാർക്കിന് സമീപം മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ആക്ടിംഗ് പ്രസിഡൻറ് എം.എം.ഹസൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി പ്രചരണ വിഭാഗം സമിതിയുടെ ചെയർമാൻ രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും.
ഇതുപോലെ താലോലിച്ചൊരു നാടില്ല: കെ.സി.വേണുഗോപാൽ
എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ മുഴുവൻ ക്രെഡിറ്റും ആലപ്പുഴയ്ക്കുള്ളതാണ്. ഇതുപോലെ താലോരിച്ചൊരു നാടില്ല. യു.ഡി.എഫ് ആലപ്പുഴ മണ്ഡലം കൺവൻഷനിൽ കെ.സി.വേണുഗോപാലിന്റെ പ്രസംഗത്തിൽ ഉടനീളം നിറഞ്ഞ് നിന്നത് ആലപ്പുഴയോടുള്ള വികാരമായിരുന്നു. കേരളത്തിൽ വോട്ടർ പട്ടികയിൽ വലിയ വെട്ടിപ്പും തട്ടിപ്പും നടക്കുന്നുണ്ടെന്ന് കെ.സി.വേണുഗോപാൽ ആരോപിച്ചു. പലരുടെയും പേരുകൾ വോട്ടർപട്ടികയിലില്ല. വോട്ടർമാർ ജാകരൂകരാകണമെന്നും കെ.സി പറഞ്ഞു.
റോഡ് ഷോയുമായി ശോഭ
എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ റോഡ് ഷോയിൽ സാന്നിദ്ധ്യമായി കേന്ദ്രമന്ത്രി വി. മുരളീധരനും. പി.എം സൂരജ് പോർട്ടൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാൻ ജില്ലയിൽ എത്തിയ കേന്ദ്രമന്ത്രി തോട്ടപ്പള്ളിയിൽ വെച്ചാണ് റോഡ് ഷോയുടെ ഒപ്പം ചേർന്നത്. ആലപ്പുഴയുടെ വികസനത്തിന് നരേന്ദ്രമോദിയുടെ പ്രതിനിധി തന്നെ വേണമെന്ന് വോട്ടർമാർ തീരുമാനമെടുക്കുമെന്ന് വി. മുരളീധരൻ പറഞ്ഞു.
ആലപ്പുഴ ബൈപ്പാസ് സാദ്ധ്യമാക്കിയത് എൻ.ഡി.എ ഭരണകാലത്താണ്. തീർദേശ മേഖലയുടെ അടക്കം പ്രശ്‌നങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ ഇതുവരെ ജയിച്ച് പോയവർക്ക് സാധിച്ചില്ല. സീതാറാം യെച്ചൂരിയും രാഹുൽ ഗാന്ധിയും കൈകോർത്ത് മത്സരിക്കുന്ന തിഞ്ഞെടുപ്പിൽ ശക്തമായ മത്സരം തന്നെയാണ് ആലപ്പുഴയിലും ആറ്റിങ്ങലുമെല്ലാം ബി.ജെ.പി കാഴ്ചവെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ, ഹരിപ്പാട് നിയമസഭാ മണ്ഡലങ്ങളിലെ പഴയകാല സംഘ പരിവാർ നേതാക്കളെ കണ്ട ശോഭ വ്യവസായ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളും ഇന്നലെ സന്ദർശിച്ചു. അമ്പലപ്പുഴ ക്ഷേത്രത്തിൽ പഞ്ചസാര കൊണ്ട് തുലാഭാരവും നടത്തി.
ആരിഫ് അരൂരിൽ
എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫ് ഇന്നലെ അരൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. തുറവൂർ പള്ളിത്തോട് പുന്നക്കൽ വടക്കേകാട് റോഡ്-പാലം നിർമാണ ഉദ്ഘാടനവും മാക്കേകടവ് പാലത്തിന്റെ നിർമാണത്തിന്റെ സ്വിച്ച് ഓണും ചേന്നം, പള്ളിപ്പുറം പഞ്ചായത്ത് വിഷ രഹിത പച്ചക്കറി നടീൽ ഉദ്ഘാടനവും നിർവഹിച്ചു. പൂച്ചാക്കൽ മാർക്കറ്റിൽ കടകൾ സന്ദർശനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. അരൂർ എം.എൽ.എ ദലീമ, വൈക്കം എം.എൽ.എ സി.കെ.ആശ തുടങ്ങിയവും പര്യടനത്തിൽ പങ്കാളികളായി. പള്ളിപ്പുറം പഞ്ചായത്തിലെ ഗൃഹസന്ദർശനത്തിന് ശേഷം മുൻ മന്ത്രി ജി.സുധാകരനുമായി ചേർന്ന് പെരുമ്പളം പാലം സന്ദർശിച്ചു.