ആലപ്പുഴ: ആദ്യറൗണ്ട് പ്രചാരണം പൂർത്തിയാക്കിയിരിക്കുകയാണ് മാവേലിക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.സി.എ. അരുൺകുമാർ. ഒന്നര പതിറ്റാണ്ട് കോൺഗ്രസ് കുത്തകയാക്കിയ മണ്ഡലത്തിലെ ആദ്യ റൗണ്ട് പ്രചാരണം ആവേശഭരിതമായിരുന്നുവെന്നും വിജയം സുനിശ്ചിതമാണെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം.

കന്നിക്കാരനാണല്ലോ?

കന്നി മത്സരമാണെങ്കിലും നിയമസഭയും ലോക്സഭയുമുൾപ്പെടെ മണ്ഡലത്തിലാകമാനം മൂന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ട്. ഇതിലെ അറിവും അനുഭവങ്ങളും പ്രയോജനപ്പെടും.

നെല്ല്സംഭരണവും കർഷക

ആത്മഹത്യയും ഭീഷണിയല്ലേ ?

കഴിഞ്ഞ ദിവസം കൊയ്ത്തുനടന്നുകൊണ്ടിരുന്ന കുട്ടനാടൻ പാടങ്ങളിലൂടെയാണ് റോഡ് ഷോ കടന്നുപോയത്. കൃഷിമന്ത്രി പി.പ്രസാദും ഭക്ഷ്യ മന്ത്രി ജി.ആർ. അനിലും കർഷകരുമായി നടത്തിയ ആശയവിനിമയത്തിന്റെ ഭാഗമായി ഒരു മണിനെല്ലുപോലുമില്ലാതെ സംഭരിക്കുന്നതാണ് കാണാനായത്.

പ്രളയത്തിൽ രക്ഷകനായതും തുണയാകും

രണ്ട് മഹാപ്രളയങ്ങളിൽ കുട്ടനാട് ,അപ്പർ കുട്ടനാട് മേഖലകളിൽ ക്യാമ്പ് ചെയ്ത് നടത്തിയ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വോട്ടർമാരിൽ പലരും ഓർത്തെടുത്ത് വിവരിച്ചത് മറക്കാനാകാത്ത അനുഭവമായി.

ശക്തനായ എതിരാളിയല്ലേ?

2009 മുതൽ മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷാണ്. കാർഷിക വിലത്തകർച്ചയിലുൾപ്പെടെ പാർലമെന്റിൽ കാര്യമായ ഇടപെടലുകളില്ലാതിരുന്നതിന്റെ ദുരന്ത ഫലമാണ് കർഷക ആത്മഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് കാരണമായത്. എടുത്തുപറയാൻ പറ്റുന്ന വികസന പ്രവർത്തനങ്ങളൊന്നും ചൂണ്ടിക്കാട്ടാനില്ല.

മോദി ഗ്യാരന്റി?​

വർഗീയത ഇളക്കിവിട്ടും പ്രഖ്യാപനങ്ങൾ മുഴക്കിയും ജനങ്ങളെ കബളിപ്പിക്കാമെന്നാണ് കരുതുന്നത്. മതനിരപേക്ഷമാണ് കേരളത്തിന്റെ കാഴ്ചപ്പാട്. വർഗീയത വിൽക്കില്ലെന്നു കണ്ടപ്പോൾ ഇറക്കിയ അടുത്ത നമ്പരാണ് മോദി ഗ്യാരന്റി. ഇതൊന്നും വോട്ടർമാരെ സ്വാധീനിക്കില്ല.