ആലപ്പുഴ : ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു. ജില്ലാ ഹബ്ബായ ആലപ്പുഴ ഗേൾസ് സ്കൂളിൽ നിന്നാണ് 261 സൊസൈറ്റികളിലേക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. കുടുംബശ്രീക്കാണ് പുസ്തകങ്ങളുടെ തരം തിരിക്കലിന്റെയും, വിതരണത്തിന്റെയും ചുമതല.
12 വനിതകളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ജില്ലയിലേക്ക് ആവശ്യമുള്ള പതിനാറ് ലക്ഷത്തോളം പുസ്തകങ്ങളിൽ (വോളിയം ഒന്ന്) ആറ് ലക്ഷത്തോളം എത്തിക്കഴിഞ്ഞു. ഇവയിൽ ഒരുലക്ഷത്തിൽപ്പരം പുസ്തകങ്ങൾ ഇതിനകം സൊസൈറ്റികളിൽ എത്തിച്ചു. ഏപ്രിലിൽ പുസ്തക വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യം. രാവിലെ 9.30 മുതൽ 5 മണിവരെയാണ് കുടുംബശ്രീ വനിതകളുടെ പ്രവർത്തന സമയം. ദൂരസ്ഥലങ്ങളിൽ സ്റ്റോക്കെത്തിക്കാൻ പോകുമ്പോൾ ഡ്യൂട്ടി രാത്രിവരെ നീണ്ടേക്കാം. ഈ ദിവസങ്ങളിൽ അധികക്കൂലി പൊതുവിദ്യാഭ്യസ വകുപ്പ് ലഭ്യമാക്കും.
പുസ്തകങ്ങൾ തരം തിരിക്കുക, പാക്ക് ചെയ്യുക, വിതരണം നടത്തുക എന്നിവയാണ് വനിതകൾ ചെയ്യുന്നത്.
കയറ്റിറക്ക് ജോലികൾ ചെയ്യുന്നത് യൂണിയൻ തൊഴിലാളികളാണ്.
മൂന്ന് വാഹനങ്ങൾ, 12 വനിതകൾ
1.ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത് സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്കുള്ള പുസ്തകങ്ങൾ
2.ഇത് പൂർത്തിയായ ശേഷമാകും അൺ എയ്ഡഡ് സ്കൂളുകളിലേക്കുള്ള വിതരണം
3.നിലവിൽ മൂന്ന് വാഹനങ്ങളാണ് വിവിധ സൊസൈറ്റികളിലേക്ക് ദിവസേന സ്റ്റോക്കെത്തിക്കുന്നത്
4.സൊസൈറ്റികളിൽ നിന്ന്പുസ്തകം കൊണ്ടുപോകേണ്ടത് സ്കൂൾ അധികൃതരുടെ ചുമതലയാണ്
വോളിയം വൺ പുസ്തകങ്ങൾ
ജില്ലയ്ക്ക് ആവശ്യമുള്ളത് : 16,28,588
സ്റ്റോക്ക് എത്തിയത്: 6,84,918
വിതരണം ചെയ്തത്: 1,04,531
ആകെ സൊസൈറ്റികൾ: 261
കുടുംബശ്രീ വനിതകൾ : 12 പേർ
സൂപ്പർവൈസർ: 1
വേതനം (പ്രതിദിനം)
കുടുംബശ്രീ വനിതകൾ: 750 രൂപ
സൂപ്പർവൈസർ: 950 രൂപ
സ്കൂൾ തുറക്കുംമുമ്പ് എല്ലാ സ്കൂളുകളിലും പുസ്തകങ്ങൾ ലഭ്യമാകുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ മുന്നേറുന്നത്
- ആതിര, സൂപ്പർവൈസർ, കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി
ലഭ്യമായ സ്റ്റോക്കുകൾ എത്രയും വേഗം തരംതിരിച്ച് സൊസൈറ്റികളിൽ എത്തിക്കുന്നുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ വാഹനങ്ങളടക്കം ക്രമീകരിക്കും
- സലീന, ഡി.പി.എം, കുടുംബശ്രീ