ആലപ്പുഴ : വേനൽ ശമനമില്ലാതെ തുടരുകയും റംസാൻ വ്രതം ആരംഭിക്കുകയും ചെയ്തതോടെ
പഴവിപണിയും ശീതളപാനീയ കച്ചവടവും ഉഷാറായി. തണ്ണിമത്തനും പൊട്ടുവെള്ളരിയുമാണ് ഇത്തവണത്തെയും താരങ്ങൾ. തണ്ണിമത്തന് വില കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്. കർണാടക, തമിഴ്‌നാട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് ലോഡുകണക്കിന് തണ്ണിമത്തൻ ജില്ലയിലെത്തുന്നത്. മധുരമുള്ളതും കുരുഅധികമില്ലാത്തതുമായ കിരൺ ഇനത്തിലുള്ള തണ്ണിമത്തനോടാണ് കൂടുതൽ പ്രിയം.
വേനൽചൂടിനെ പ്രതിരോധിക്കാൻ പൊട്ടുവെള്ളരിയോളം മറ്റൊന്നുമില്ല. കഞ്ഞിക്കുഴി, തൃശൂർ, പാലക്കാട്, നെടുമ്പാശ്ശേരി, മാഞ്ഞാലി, കൊടുങ്ങല്ലൂർ, ആലങ്ങാട്, കരുമാല്ലൂർ പാടങ്ങളിൽ പൊട്ടുവെള്ളരി കൃഷി ചെയ്യുന്നുണ്ട്. വേനൽ കടുക്കുന്നതോടെ വിപണി കൂടുതൽ സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
കരിക്കിനും ആവശ്യക്കാർ ഏറെയാണ്. എന്നാൽ, നാടൻ കരിക്ക് കിട്ടാൻ ബുദ്ധിമുട്ടാണ്. സംസ്ഥാനത്ത് നാളികേരത്തിന്റെ വിലകൂടിയത് കാരണം തമിഴ്‌നാട്ടിൽ നിന്നാണ് കരിക്ക് കൂടുതലായി എത്തുന്നത്. 40 രൂപയാണ് ഒരു കരിക്കിന്റെ വില.
തണ്ണിമത്തൻ (കിലോയിൽ)
സാധാരണ ............ ₹20
കിരൺ................₹ 25
മഞ്ഞ................ ₹35
ഓറഞ്ച്...........₹48
മാതളം........₹130
ആപ്പിൾ.........₹170-200
മുസാമ്പി......₹110
ഷമാം..........₹40
ഏത്തൻ.......₹37
ഞാലി......₹35
മുന്തിരി
കറുപ്പ്....₹100
വെള്ള.......₹75
റോസ്.....₹65
പൊട്ടുവെള്ളരി......₹60
ജൂസ്
പൊട്ടുവെള്ളരി.......... ₹30
തണ്ണിമത്തൻ............ ₹15-20
മിക്‌സഡ് ഫ്രൂട്ട്‌സ് .........₹ 50
ഫ്രഷ് ജൂസ് .................₹ 40
ചൂട് കൂടുതലായതിനാൽ പഴങ്ങൾ കൂടുതലും കേടാകുന്ന സ്ഥിതിയാണ്. ഡിസംബർ മുതൽ മേയ് വരെയാണ് പൊട്ടുവെള്ളരിക്കും ജൂസിനും പ്രിയമേറുന്നത്. വിളവെടുപ്പ് സമയമായതിനാൽ ഇപ്പോൾവില കുറവാണ്
സുനിൽ കുമാർ, പഴവ്യാപാരി, പുറക്കാട്