ആലപ്പുഴ : കുട്ടനാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ മാവേലിക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാലയുടെ പ്രചാരണം. രാവിലെ 9ന് കൈനകരി ചാവറ ഭവനിൽ നിന്നായിരുന്നു തുടക്കം. കൈനകരിയിലെ ആദ്യകാല ബി.ജെ.പി നേതാവ് കെ.ആർ മോഹനന്റെ വീട് സന്ദർശിച്ച് അനുഗ്രഹം വാങ്ങിയ ശേഷം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ആസ്ഥാനത്തെത്തി. യൂണിയൻ നേതാക്കളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചശേഷം കുട്ടനാട്ടെ മുതിർന്ന സംഘംപ്രവർത്തകനായ വി.എൻ. രാമചന്ദ്രന്റെ വസതി സന്ദർശിച്ചു. മങ്കൊമ്പ് ക്ഷേത്രം, എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ ആസ്ഥാനം എന്നിവിടങ്ങളിലെ സന്ദർശനത്തിനും ഉച്ചയൂണിനും ശേഷം കിടങ്ങറയിൽ കെ.പി.എം.എസ് കുട്ടനാട് യൂണിയൻ സെക്രട്ടറി ടി.ആർ അനിലിന്റെ വസതിയിലെത്തിയ ബൈജു കലാശാല അദ്ദേഹത്തോടും കുടുംബാംഗങ്ങളോടും വോട്ട് അഭ്യർത്ഥിച്ചശേഷം വൈകിട്ട് മൂന്നുമണിയോടെ കാവാലത്ത് അകാലത്തിൽ മരണമടഞ്ഞ നിയമ വിദ്യാർത്ഥി ആതിര തിലകന്റെ സ്മൃതിയിടത്തെത്തി. നീലംപേരൂരിലാണ് പ്രചാരണം അവസാനിപ്പിച്ചത്.
യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ റോഡ് ഷോ മുട്ടാറിൽ നിന്ന് ആരംഭിച്ചു.
നീലേറ്റുപുറം,എടത്വ,കാരിച്ചാൽ, തകഴി ജംഗ്ഷൻ,ചമ്പക്കുളം, കൈനകരി, മങ്കൊമ്പ്,പുളിങ്കുന്ന്, തട്ടാശ്ശേരി,കാവാലം,ഈരാ ജംഗ്ഷൻ, വാലടി,കിടങ്ങറ,മാമ്പുഴക്കരി എന്നിവിടങ്ങളിൽ റോഡ് ഷോയ്ക്ക് സ്വീകരണം നൽകി.തകഴി വേലപ്പുറം പാടശേഖരത്തിൽ കർഷകരും കർഷക തൊഴിലാളികളുമായി സ്ഥാനാർഥി ആശയ വിനിമയം നടത്തി.
നെടുമുടി ഗവ.എൽ.പി സ്കൂളിലെത്തിയ കൊടിക്കുന്നിൽ മരത്തണലിൽ കളി ചിരികളികളുമായി കഴിഞ്ഞ കുട്ടിക്കൂട്ടത്തിനൊപ്പം അല്പനേരം ചെലവഴിച്ചു. കുട്ടികളോടൊപ്പം സെൽഫി എടുത്താണ് മടങ്ങിയത്.
രാത്രി വൈകി രാമങ്കരി ജംഗ്ഷനിൽ റോഡ് ഷോ സമാപിച്ചു.
കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാറിനെ സന്ദർശിച്ചായിരുന്നു ഇടതുമുന്നണി സ്ഥാനാർത്ഥി സി.എ അരുൺ കുമാറിന്റെ ഇന്നലത്തെ പ്രചരണത്തിന്റെ തുടക്കം. കൊട്ടാരക്കര മണ്ഡലത്തിലെ നെടുവത്തൂരിലായിരുന്നു അരുണിന്റെ പ്രചരണ പരിപാടി.