
പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ പുറമ്പോക്ക് കൈയേറി സി.പി.എമ്മും കോൺഗ്രസും അനധികൃത നിർമ്മാണങ്ങൾ നടത്തുവെന്ന് ആരോപിച്ച് , ബി.ജെ.പി പാണാവള്ളി പഞ്ചായത്ത് സമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. പാണവള്ളി വില്ലേജ് ഓഫീസിന് സമീപത്തെ പഞ്ചായത്ത് വക കെട്ടിടത്തോട് ചേർന്നുള്ള സ്ഥലത്തെ നിർമ്മാണം പഞ്ചായത്ത് തടഞ്ഞിരുന്നു. എന്നാൽ, തുല്യത പുരുഷ സ്വയംസഹായ സംഘമെന്ന പേരിൽ സി.പി.എം അനധികൃത നിർമ്മാണത്തിന് ഒത്താശ ചെയ്യുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഓടമ്പള്ളി ദേവീ ക്ഷേത്രത്തിന് മുന്നിൽ റോഡ് കൈയേറി കെട്ടിടം നിർമ്മാണം നടത്തി. അനധികൃത നിർമ്മാണങ്ങൾ നിറുത്തിവയ്ക്കുന്നതുവരെ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് ബി.ജെ.പി പാണാവള്ളി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.