
ആലപ്പുഴ: ക്ളാവ് പിടിച്ച രണ്ട് ഓട്ട്പാത്രങ്ങളെയാണ് പ്രധാനമന്ത്രിക്ക് ബി.ജെ.പി സംസ്ഥാന നേതൃത്വം കാഴ്ചവച്ചതെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു. യു.ഡി.എഫ് അമ്പലപ്പുഴ നിയമസഭ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എൽ.എ, മുൻമന്ത്രി ഉൾപ്പെടെ നിരവധി പേർ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേയ്ക്ക് ചേരുമെന്ന് പ്രചരിപ്പിച്ചവർക്ക് ഒടുവിൽ ആരും അറിയാത്ത രണ്ട് പേരെയാണ് കിട്ടിയത്. എൽ.ഡി.എഫും ബി.ജെ.പിയുമായിട്ടാണ് മത്സരമെന്നാണ് എൽ.ഡി.എഫ് കൺവീനർ പറയുന്നത്. എന്നാൽ, യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരമെന്ന് ഏത് പൊട്ടക്കണ്ണനും അറിയാം. സംസ്ഥാനത്ത് ബി.ജെ.പിയുടെ അവസ്ഥ പഴത്തൊലി പോലെയാണ്. രണ്ട് അക്കം തികയ്ക്കുമെന്നാണ് ഇവരുടെ വാദം.കഴിഞ്ഞ തവണ ഒരുപൂജ്യമായിരുന്നെങ്കിൽ ഇത്തവ രണ്ട് പൂജ്യമായിരിക്കും ലഭിക്കുക.
ലോക്സഭയിൽ കൂടുതൽ സീറ്റ് നേടാനാണ് കെ.സി.വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുന്നത്. രാജ്യസഭയിലെ അംഗബലത്തിലൂടെ മോദിയെ താഴെയിറക്കാൻ കഴിയില്ലെന്നും ഹസൻ പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ കമാൽ എം.മാക്കിയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.സി.വേണുഗോപാൽ, മാത്യുകുഴൽനാടൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദ്,ചെറിയാൻ ഫിലിപ്പ്, അഡ്വ. ഷാനിമോൾ ഉസ്മാൻ, എ.എ.ഷുക്കൂർ, രാജശേഖരൻ, എ.എം.നസീർ, ബേബിപാറക്കാടൻ, ആർ.സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.