
ചേർത്തല: നാല് വയസുകാരി റിതി രഞ്ജിത്തിനും 33കാരി ശ്രീജാരാജപ്പനും അഫ്സലിനുമായി നാട് വീണ്ടും കണ്ണിചേരുന്നു. ഗുരതരരോഗങ്ങൾ ബാധിച്ച് ചികിത്സക്ക് ഗതിയില്ലാത്ത ഇവരെ സഹായിക്കാനാണ് നഗരസഭയുടെ നേതൃത്വത്തിൽ രംഗത്തു വരുന്നത്. 17ന് നഗരസഭ ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിൽ 35 വാർഡുകളിലും ജനകീയ ധനസമാഹരണം നടത്തും.
നഗരസഭ 33ാംവാർഡിലെ രഞ്ജിത്തിന്റെയും രഞ്ജിതയുടെയും മകൾ റിതി രഞ്ജിത്ത്, ഒന്നാംവാർഡ് അറയ്ക്കൽ വെളി ശ്രീജ രാജപ്പൻ, രണ്ടാംവാർഡ് അറയ്ക്കൽ അഫ്സൽ(49) എന്നിവരുടെ ചികിത്സയ്ക്കുവേണ്ടിയാണ് നഗരസഭയുടെ ധനസമാഹരണം. മൂന്നു പേരുടെയും ചികിത്സക്കും ശസ്ത്രക്രിയക്കുമായി ഒരു കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ, ജനറൽ കൺവീനർ എൻ.കെ. പ്രകാശൻ,മുൻ ചെയർമാൻ ഐസക്ക്മാടവന, കൗൺസിലർമാരായ ആശാമുകേഷ്,ബാബുമുളളൻചിറ എന്നിവർ പറഞ്ഞു.
റിതി രഞ്ജിത്തിനും ശ്രീജ രാജപ്പനും മജ്ജമാറ്റിവയ്ക്കലും അഫ്സലിന് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമാണ് വേണ്ടത്.
ഒരുദിവസം ഒരു കോടി ചലഞ്ച്
നഗരസഭ ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിൽ മുമ്പ് ഒമ്പതു പേരുടെ ചികിത്സയ്ക്കായി 1.2 കോടിരൂപ മുമ്പ് സമാഹരിച്ചിരുന്നു. ഇതിന്റെ ബലത്തിൽ 17ന് രാവിലെ ഏഴു മുതൽ 12വരെ നഗരസഭപരിധിയിലെ എല്ലാവീടുകളിലും സമിതിഅംഗങ്ങൾ, വാർഡ് കൗൺസിലർമാരുടെയും സന്നദ്ധസേന പ്രവർത്തകർ, രാഷ്ട്രീയ കക്ഷികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ സമാഹരണം
നടത്താനാണ് തീരുമാനം. ഓരോ വാർഡിലും 50 വീടുകളുടെ സ്‌ക്വാഡുകൾ രൂപീകരിച്ച് 175 സ്‌ക്വാഡുകളാണ് ധനസമാഹരണത്തിനിറങ്ങുന്നത്. ഫാ. സെബാസ്റ്റ്യൻ പുന്നശേരിയുടെ നേതൃത്വത്തിലുള്ള പ്രത്യാശയും പിന്തുണയുമായി ഒപ്പമുണ്ട്. കേരള ബാങ്ക് നടക്കാവ് സായാഹ്ന ശാഖയിൽ ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 126412301047744. ഐ.എഫ്.എസ്.സി കോഡ്: കെ.എസ്.ബി.കെ 0001264.