ആലപ്പുഴ: റെഡ് സല്യൂട്ട്... റെഡ് സല്യൂട്ട്... രക്തസാക്ഷി ഗ്രാമങ്ങളേ.... പി.കെ. മേദിനി ആവേശപൂർവ്വം പാടി തുടങ്ങിയപ്പോൾ എം.കെ.സാനു കൈകളിൽ താളം പിടിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാഹളത്തിൽ നാടാകെ ആവേശത്തിലായിരിക്കെയാണ് പഴയകാല തിരഞ്ഞെടുപ്പ് ഓർമ്മകൾ പങ്കുവച്ച് പ്രൊഫ.എം.കെ.സാനുവും വിപ്ലവ ഗായിക പി.കെ.മേദിനിയും കൂടിക്കാഴ്ച നടത്തിയത്.
പഴവീട്ടിൽ അഡ്വ.ജയൻ സി.ദാസിന്റെ വസതിയായിരുന്നു വേദി. "എറണാകുളം നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കണം. കോൺഗ്രസിന് സ്വാധീനമുള്ള മണ്ഡലമാണെങ്കിലും മാഷ് സ്ഥാനാർത്ഥിയായാൽ നമ്മൾ ജയിക്കും’ സാഹിത്യകാരൻ പ്രൊഫ. എം കെ സാനുവിന്റെ തിരഞ്ഞെടുപ്പോർമ്മകളിൽ പ്രധാനം ഇ.എം.എസ് പറഞ്ഞ ഈ വാക്കുകളാണ്.
1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കുത്തക തകർത്ത് എറണാകുളത്തുനിന്ന് നിയമസഭയിലെത്തിയ ഓർമ്മകൾ പങ്കിട്ടമ്പോൾ സാനുമാഷിന് ആവേശം കൂടി.
അറിയാതെ എത്തിയ വിജയം
രാഷ്ട്രീയ പ്രവർത്തനത്തിനോട് അശേഷം താത്പര്യമില്ലാതിരുന്ന മാഷിനോട് സുഹൃത്ത് അഡ്വ.എം എം ചെറിയാന്റെവീട്ടിൽ വെച്ച് ഇ.എം.എസാണ് 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകണമെന്ന് വ്യക്തമാക്കുന്നത്. മലയാറ്റൂർ രാമകൃഷ്ണൻ, ടി കെ രാമകൃഷ്ണൻ, കെ എൻ രവീന്ദ്രനാഥ്, തോപ്പിൽഭാസി,എം എം ലോറൻസ് തുടങ്ങിയവരും നിർബന്ധിച്ചു. അടുത്ത സുഹൃത്തായ ഡോ. ഗോപാലകൃഷ്ണനോട് ആലോചിച്ച് പറയാമെന്ന് പറഞ്ഞ് മടങ്ങി. ‘എന്തുവന്നാലും മത്സരിക്കരുത്’ എന്നായിരുന്നു ഡോക്ടറുടെ മറുപടി. മത്സരിക്കാനില്ലെന്നുറച്ച് സന്തോഷമായി വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ നഗരത്തിൽ പലയിടത്തും എൽ.ഡി.എഫ് പ്രവർത്തകർ ചുവരുകളിൽ തന്റെ പേരെഴുതി പ്രചരണം തുടങ്ങിയ കാഴ്ച കണ്ട് സാനു ഞെട്ടി. കോൺഗ്രസിന്റെ കുത്തക മണ്ഡത്തിൽ തോൽക്കുമെന്ന് ഭാര്യയെ പറഞ്ഞാശ്വസിപ്പിച്ചു. എന്നാൽ ഫലം വന്നപ്പോൾ സാനുമാഷ് സ്വന്തം വിജയത്തിൽ ഞെട്ടി. അന്ന് കോൺഗ്രസ് നേതാവ് എ.എൽ.ജേക്കബ് ആയിരത്തിലധികം വോട്ടിനാണ് തോറ്റത്.
നൊമ്പരപ്പെടുത്തിയ പരാജയം
1960ലെ തിരഞ്ഞെടുപ്പിന്റെ നെമ്പരപ്പെടുത്തുന്ന ഓർമകളാണ് പി.കെ.മേദിനിക്കുള്ളത്. ആലപ്പുഴയിൽനിന്ന് നിയമസഭയിലേക്ക് സി.പി.ഐ സ്ഥാനാർഥി ടി.വി തോമസ് മത്സരിച്ചുതോറ്റു. കോൺഗ്രസിന്റെ എ. നഫീസത്ത് ബീവിയായിരുന്നു എതിർ സ്ഥാനാർത്ഥി. സങ്കടം സഹിക്കാനായില്ല. കണ്ണുകൾ നിറഞ്ഞൊഴുകി. അതിനിടയിൽ എസ് .കുമാരൻ ഉൾപ്പെടെയുള്ള നേതാക്കൾ തോറ്റതിന്റെ കാരണങ്ങൾ ജനങ്ങളോട് പാട്ടായി അവതരിപ്പിക്കാൻ നിർഗദശിക്കുകയായിരുന്നു. പണത്തിന്റെ സ്വാധീനം കൊണ്ട് ടി.വി പരാജയപ്പെട്ടതിനാൽ രാമൻകുട്ടി ആശാൻ ‘പെട്ടി പണപ്പെട്ടി' എന്നുതുടങ്ങുന്ന പാട്ടെഴുതി. നടുക്കുന്ന വേദനയെ മറന്ന് പ്രധാനകേന്ദ്രങ്ങളിൽ പാടി നടന്ന കാലം മേദിനി ഓർക്കുന്നു. ഇന്നും സ്ത്രീകൾക്ക് അർഹിക്കുന്ന പ്രാധാന്യം രാഷ്ട്രീയത്തിൽ ലഭിച്ചിട്ടില്ലെന്ന് മേദിനി പറഞ്ഞു. കെ.ആർ. ഗൗരിഅമ്മ ഉൾപ്പെടെ വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയവരാണ്. 33 ശതമാനം സ്ത്രീ സംവരണം ഒക്കെ മാറ്റി സ്ത്രീകൾക്ക് മുന്നോട്ട് വരാൻ കഴിയണമെന്നും മേദിനി അഭിപ്രായപ്പെട്ടു.