ariff

കഴിഞ്ഞ തവണ ലോക്സഭയിൽ കേരളത്തിൽ നിന്ന് സാന്നിദ്ധ്യമറിയിച്ച ഏക ഇടത് എം.പിയായ എ.എം.ആരിഫ് സീറ്റ് നിലനിറുത്താൻ ഇത്തവണ വീണ്ടും ജനവിധി തേടുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ഇത്തവണ തനിക്കൊപ്പം പാർലമെന്റിലെത്താൻ കൂടുതൽ ഇടത് എം.പിമാരുണ്ടാകുമെന്ന ശുഭപ്രതീക്ഷയും ആരിഫ് പങ്കുവെയ്ക്കുന്നു.

?അനുകൂല ഘടകങ്ങൾ

നാടിന്റെ വികസനം തന്നെയാണ് പ്രധാന ഘടകം. അവ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഓരോ സ്ഥലത്തും പ്രചരണത്തിനെത്തുമ്പോൾ ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് പിന്തുണ മനസ്സിലാക്കുന്നു. പതിറ്റാണ്ടുകളായി ഇഴഞ്ഞുനീങ്ങിയ ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമാക്കി. ഹരിപ്പാട് - അമ്പലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിച്ചു. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ നവീകരണം നടക്കുന്നു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് യാഥാർത്ഥ്യമായി.

?സംസ്ഥാന ഭരണം വോട്ടർമാർ കണക്കിലെടുക്കുമോ

പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണം വിഷയമാവില്ല. പാർലമെന്റിലെത്തിയിട്ടും യു.ഡി.എഫ് എം.പിമാർ സമയം നീക്കിവെച്ചത് പിണറായി വിജയനെ കുറ്റപ്പെടുത്താനായിരുന്നു. മോദി സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്യേണ്ടതിന് പകരം അവർ കേരളത്തിന്റെ പ്രതിപക്ഷമായി പെരുമാറി. കേരളത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി ഞാൻ എത്ര തവണ ശബ്ദമുയർത്തി എന്നത് രേഖയാണ്. 113 ചർച്ചകളിൽ പങ്കാളിയായി പ്രസംഗിച്ചു. 244 ചോദ്യങ്ങൾ ഉന്നയിച്ചു. 89 ശതമാനം ഹാജരുണ്ട്.

? കെ.സി.വേണുഗോപാൽ എതിരാളിയാകുമ്പോൾ

പ്രഗത്ഭയായ കെ.ആർ.ഗൗരിയമ്മയോട് മത്സരിച്ചാണ് 2006ൽ നിയമസഭയിലേക്ക് വിജയിച്ചത്. പ്രഗത്ഭരോട് മത്സരിക്കുന്നു എന്ന് കേൾക്കുമ്പോൾ സന്തോഷമേയുള്ളു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും കെ.സി.വേണുഗോപാലിനോട് മത്സരിക്കാൻ തയ്യാറായിരുന്നു. അന്ന് കേന്ദ്രത്തിലെ ഉത്തരവാദിത്വങ്ങളുടെ പേരിൽ അദ്ദേഹം മത്സരിച്ചില്ല. ഇന്ന് അദ്ദേഹത്തിന് അന്നുണ്ടായിരുന്നതിനേക്കാൾ ഉത്തരവാദിത്വങ്ങളുണ്ട്.

? ബി.ജെ.പി ഇത്തവണ കരുത്ത് തെളിയിക്കുമോ

ശോഭാ സുരേന്ദ്രനെ ഇറക്കിയതുകൊണ്ട് ആലപ്പുഴയിൽ ബി.ജെ.പിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഇത് പുന്നപ്ര - വയലാറിന്റെ നാടാണ്.