ramadan-sandesham

മാന്നാർ: പുണ്യ റംസാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ മസ്ജിദുകൾ വിശ്വാസികളാൽ നിറഞ്ഞു കവിഞ്ഞു. ഏറെ പുണ്യങ്ങൾ കരഗതമാക്കുവാൻ നേരത്തെ തന്നെ മസ്ജിദുകളിലെത്തിയ വിശ്വാസികൾ ഭജനമിരുന്നും ഖുർആൻ പാരായണം ചെയ്തും റമദാനിന്റെ ആദ്യ വെള്ളിയാഴ്ചയെ ഭക്ത്യാദരപൂർവ്വം എതിരേറ്റു. മലയാളികളെക്കൂടാതെ അന്യ സംസ്ഥാന തൊഴിലാളികളും ആവേശത്തോടെയാണ് പള്ളികളിൽ എത്തിച്ചേർന്നത്. റമദാനിലെ മുപ്പത് ദിനങ്ങളിലെ ആദ്യ പത്ത് അനുഗ്രഹത്തിന്റെയും രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെയും അവസാനത്തെ പത്ത് നരകമോചനത്തിന്റെയും ദിനങ്ങളായാണ് കരുതപ്പെടുന്നത്. ആദ്യ പത്തിലെ ആദ്യ വെള്ളിയാഴ്ച വളരെ ശ്രേഷ്ഠമായിട്ടാണ് വിശ്വാസികൾ കരുതുന്നത്. ലോക നന്മയ്ക്കും സമാധാനത്തിനുമായി പ്രാർത്ഥനകൾ കൂടി നടത്തിയാണ് ജുമുഅശേഷം വിശ്വാസികൾ പിരിഞ്ഞത്. മാന്നാർ ടൗൺ ജുമാ മസ്ജിദിൽ ചീഫ് ഇമാം കെ.സഹലബത്ത്‌ ദാരിമിയും കുരട്ടിക്കാട് മസ്ജിദിൽ ഇമാം നിസാമുദ്ദീൻ നഈമിയും പാവുക്കര ജുമാമസ്ജിദിൽ ചീഫ്ഇമാം നൗഫൽ ഫാളിലിയും, ഇരമത്തൂർ ജുമാമസ്ജിദിൽ ചീഫ് ഇമാം അബ്ദുൾഹക്കീം ഖാസിമിയും ഖുതുബക്കും ജുമുഅ നിസ്കാരത്തിനും നേതൃത്വം നൽകി.