ആലപ്പുഴ: റേഷൻ കാർഡ് മസ്റ്ററിംഗ് തടസം നേരിട്ടതോടെ പതിനായിരക്കണക്കിന് ഉപഭോക്താക്കൾ വലഞ്ഞു. മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങൾക്കാണ് കേന്ദ്രനിർദേശമനുസരിച്ച് റേഷൻ കടകളിലെ ഭക്ഷ്യവിതരണം നിർത്തി വച്ച് ഇന്നലെ മുതൽ മൂന്ന് ദിവസത്തേക്ക് മസ്റ്ററിംഗ് തീരുമാനിച്ചത്. കിടപ്പുരോഗികളെ ഉൾപ്പടെ മസ്റ്ററിംഗിന് എത്തിച്ചിരുന്നു. എന്നാൽ, രാവിലെ ഒമ്പതരയോടെ തന്നെ സെർവർ പണിമുടക്കി. ഇതോടെ മന്ത്രിയുടെ നിർദ്ദേശമനുസരിച്ച് പിങ്ക് കാർഡുകാരുടെ ആധാർ മസ്റ്ററിംഗ് തത്ക്കാലം മാറ്റിവച്ചു. തുടർന്ന് മഞ്ഞക്കാർഡുകാർക്ക് മാത്രമായി മസ്റ്ററിംഗ് പുനരാംഭിച്ചെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. ചിലർക്ക് മാത്രമാണ് മസ്റ്ററിംഗ് നടത്താനായത്. ഇതോടെ ഭൂരിഭാഗം പേരും നിരാശരായി മടങ്ങി. സെർവർ തകരാർ പൂർണമായും പരിഹരിക്കാതെ വെള്ളിയാഴ്ച വീണ്ടും മസ്റ്ററിംഗ് ആരംഭിച്ചതാണ് പ്രശ്നത്തിനു കാരണമെന്നാണ് റേഷൻവ്യാപാരികൾ ആരോപിച്ചു. മാർച്ച് 31ന് മുമ്പ് മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നാണ് കേന്ദ്രനിർദ്ദേശം.
സെയിൽസ്‌മാന് മർദ്ദനം
മാന്നാറിൽ എ.ആർ.ഡി 59ൽ പിങ്ക് കാർഡ് മസ്റ്ററിംഗ് നടത്താത്തതിൽ പ്രതിഷേധിച്ച് കാർഡുടമ റേഷൻ കടയിലെ സെയിൽസ്മാനെ അക്രമിച്ചു. ബിയർ കുപ്പി കൊണ്ട് സെയിൽസ്മാന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. മാന്നാർ പൊലീസിൽ പരാതി നൽകി.
മസ്റ്ററിംഗ് ജില്ലയിൽ
ആകെ: 11.40 ലക്ഷം
ചെയ്തത്: 1.35 ലക്ഷം
ഇന്നലെ: ....
പിങ്ക് കാർഡുകളുടെ മസ്റ്ററിംഗ് നിർത്തിവച്ച് മഞ്ഞ കാർഡുകളുടേത് മാത്രമാണ് നടത്തിയത്. പ്രശ്നങ്ങൾ നേരിട്ടെങ്കിലും മഞ്ഞ കാർഡുകാരിൽ പലരുടെയും മസ്റ്ററിംഗ് പൂർത്തിയാക്കാൻസാധിച്ചു
- ജില്ലാ സപ്ലൈ ഓഫീസർ
കിടപ്പുരോഗികൾ വരെ കടകളിലെത്തി നിരാശരായി മടങ്ങുന്ന സ്ഥിതിയുണ്ടായി. സെർവർ തകരാറിന്റെ പേരിൽ മാന്നാറിൽ സെയിൽസ്മാനെ അക്രമിച്ച പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം
എൻ.ഷിജിർ, ഓർഡനൈസിംഗ് സെക്രട്ടറി, കെ.എസ്.ആർ.ആർ.ഡി.എ