മാന്നാർ: ജനങ്ങളെ വലച്ച് റേഷൻ കടകളിലെ മസ്റ്ററിംഗ്. മഞ്ഞ, പിങ്ക് കാർഡുടമകൾ ആധാറും റേഷൻ കാർഡുമായി മസ്റ്ററിംഗ് നടത്തണമെന്ന അറിയിപ്പ് ലഭിച്ചത്. മസ്റ്ററിംഗ് നടത്തുന്നതിനായി മൂന്ന് ദിവസം റേഷൻ വിതരണം നിറുത്തിവയ്ക്കുകയും ചെയ്തു. ഇന്നലെയും ഇന്നും നാളയുമായിട്ടാണ് മസ്റ്ററിംഗ് നടത്തുവാൻ തീരുമാനിച്ചത്. ഇന്നലെ രാവിലെ എട്ട് മുതൽ മസ്റ്ററിംഗിനായി കുടുംബമായും മറ്റും കാർഡ് ഉടമകൾ എത്തി. രണ്ട് മണിക്കൂർ കാത്ത് നിന്നിട്ടും ഒരാളുടെ പോലും മസ്റ്ററിംഗ് നടത്തുവാൻ കഴിഞ്ഞില്ല. ഇ-പേസ് മെഷീനിൽ ടെക്നിക്കൽ എറർ എന്ന മെസേജാണ് ഒരോ തവണയും വന്നു കൊണ്ടിരുന്നത്. ഇതിനിടെ കുട്ടംപേരൂരിൽ റേഷൻ കാർഡിന്റെ മസ്റ്ററിംഗ് ചെയ്തു കൊടുക്കാത്തതിന് റേഷൻ കടയിലെ ജീവനക്കാരന്റെ തലക്ക് മദ്യക്കുപ്പികൊണ്ട് അടിച്ച് പരിക്കേൽപിച്ചു. രാവിലെ 10.30 കഴിഞ്ഞപ്പോൾ മഞ്ഞ കാർഡുകൾക്ക് മാത്രം മസ്റ്ററിംഗ് നടത്തുവാനുള്ള നിർദ്ദേശം വന്നത്. പിങ്ക് കാർഡിന്റെ പിന്നീട് അറിയിക്കാമെന്നുമായിരുന്നു നിർദ്ദേശം. എന്നാൽ സെർവർ തകരാർ മൂലം മിക്കയിടങ്ങളിലും മഞ്ഞ (എ.എ.വൈ) കാർഡുകളുടെ നടത്തുവാനും കഴിഞ്ഞില്ല. വൈകുന്നേരത്തോടെ കുറച്ച് കാർഡുടമകളുടെ ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കൽ നടന്നു. മസ്റ്ററിംഗ് തടസപ്പെട്ടതിനെത്തുടർന്ന് ചിലയിടങ്ങളിൽ കാർഡുടമകളും ഉപഭോക്താക്കളുമായി വാക്കേറ്റവുമുണ്ടായി.
........
# റേഷൻ കടക്കാരന്റെ തലക്ക് അടിച്ചു
റേഷൻ കാർഡിന്റെ മസ്റ്ററിംഗ് ചെയ്തു കൊടുക്കാത്തതിന് റേഷൻ കടയിലെ ജീവനക്കാരന്റെ തലക്ക് മദ്യക്കുപ്പികൊണ്ട് അടിച്ച് പരിക്കേൽപിച്ചു. കുട്ടംപേരൂർ മുട്ടേൽ ജംഗ്ഷന് വടക്കു വശം 1654-ാംനമ്പർ കുട്ടംപേരൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള 59-ാംനമ്പർ റേഷൻ കടയിൽ ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. മദ്യ ലഹരിയിൽ റേഷൻ കടയിലെത്തിയ ടിപ്പർ ലോറി ഡ്രൈവറായ കുട്ടംപേരൂർ ചെമ്പകമഠത്തിൽ സനലാണ് (45) റേഷൻ കടയിൽ ജോലിചെയ്യുന്ന കുളഞ്ഞിക്കാരാഴ്മ മണലിൽകാട്ടിൽ ശശിധരൻ നായരുടെ(55 )തലയ്ക്ക് മദ്യക്കുപ്പികൊണ്ട് അടിച്ചത്. സനലിന്റെ മാതാവിന്റെ പേരിലുള്ള പിങ്ക് റേഷൻ കാർഡ് മസ്റ്ററിംഗ് ചെയ്ത് കൊടുക്കുവാൻ നിർബന്ധിച്ചപ്പോൾ പിങ്ക് കാർഡുകൾ തിങ്കളാഴ്ച മുതൽ മാത്രമേ മസ്റ്ററിംഗ് ചെയ്യുവാൻ സാധിക്കുകയുള്ളുവെന്ന് പറഞ്ഞതിൽ പ്രകോപിതനായ സനൽ മടിയിൽ തിരുകിയ മദ്യക്കുപ്പികൊണ്ട് ശശിധരൻ നായരെ ആക്രമിക്കുകയായിരുന്നു. പരിക്ക് പറ്റിയ ശശിധരൻ നായർ മാവേലിക്കര ഗവ. ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ മാന്നാർ പൊലീസ് ഇൻസ്പെക്ടർ ബി.രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു.