ഹരിപ്പാട്: കരുവാറ്റ കന്നുകാലിപാലത്തിന് സമീപത്തുനിന്ന് കുട്ടിയെ കടത്തികൊണ്ടുപോകാൻ ശ്രമിച്ചതായുള്ള പ്രചരണം പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്ക് 1.25 ഓടെ അന്യസംസ്ഥാനക്കാരിയായ കുട്ടിയ തട്ടികൊണ്ടുപോകാൻ ശ്രമിച്ചെന്നും നാട്ടുകാർ പിടികൂടിയെന്നുമുള്ള സന്ദേശമാണ് ഫോട്ടോ സഹിതം പ്രചരിച്ചത്. എന്നാൽ,​ ഇത് വ്യാജ വാർത്തയാണെന്നും പ്രദേശത്ത് സംശയാസ്പദമായി കണ്ട അന്യസംസ്ഥാനക്കാരനായ വൃദ്ധനെ പൊലീസ് കൂട്ടികൊണ്ടുപോയതായും ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഭക്ഷണം കഴിക്കാതെ അവശനിലയിലായ വൃദ്ധൻ കന്നുകാലിപാലത്തിന് സമീപം ഇരുന്നിരുന്നു. സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കൂട്ടികൊണ്ട് പോയി ഭക്ഷണം വാങ്ങിക്കൊടുത്ത് പറഞ്ഞുവിടുകയായിരുന്നു.