
ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മുന്നണികൾക്കും സ്ഥാനാർത്ഥികൾക്കും ഇനി കൗണ്ട് ഡൗണിന്റെ നാളുകൾ. കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. കഷ്ടിച്ച് അഞ്ചാഴ്ച മാത്രം. ഇതോടെ ഇനിയുള്ള ഒരുമാസം കേരളം തിരഞ്ഞെടുപ്പിന്റെ ഞെരിപിരിയിൽ അമരും. സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും കളം നിറഞ്ഞിടത്ത് വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് ജനവിധിക്കായി പ്രവേശിക്കുന്ന തീയതി ഫോക്കസ് ചെയ്താവും ഇനിയുള്ള പ്രചരണം.
ഇന്ന് മുതൽ പോളിംഗ് ദിനം വരെ ഓരോ സെക്കന്റുകളും ഫലപ്രദമായി വിനിയോഗിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രമാകും മുന്നണികൾ ഇനി പുറത്തെടുക്കുക. ഇരുമുന്നണികളെയും പിന്നിലാക്കി പ്രചരണത്തിൽ ഇതിനകം മേൽക്കൈ നേടിയ ഇടതുമുന്നണിയെ ഫോട്ടോഫിനിഷിൽ ഒപ്പത്തിനൊപ്പമോ അല്ലെങ്കിൽ പിന്നിലോ ആക്കാനുള്ള അടവുകളാകും യു.ഡി.എഫും ബി.ജെ.പിയും പുറത്തെടുക്കുക.
നാട് കലങ്ങിമറിയും !
മൂന്ന് മുന്നണി സ്ഥാനാർത്ഥികളും ആദ്യ റൗണ്ട് മണ്ഡല പര്യടനവും റോഡ് ഷോയുമാണ് പൂർത്തിയാക്കിയത്. പരമാവധി വോട്ടർമാരെ നേരിൽ കാണാനാണ് സ്ഥാനാർത്ഥികളുടെ ഇനിയുള്ള മത്സരം. ഭവന സന്ദർശനം, നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ, ബൂത്ത് തലം വരെയുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനം, സമൂഹമാദ്ധ്യമ കാമ്പയിനുവേണ്ടിയുള്ള സൈബർ ടീമിന്റെ പ്രവർത്തനം, ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ, സംസ്ഥാന കമ്മിറ്റി മുതൽ മണ്ഡലം വരെയുള്ള വിവിധ തലങ്ങളിലുള്ള വോട്ട് അഭ്യർത്ഥന, സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടികൾ, മൈക്ക് അനൗൺസ്മെന്റുകൾ, കോർണർ യോഗങ്ങൾ തുടങ്ങി പോരാട്ടം കടുപ്പിക്കുന്നതിനുള്ള അടവുകൾ ഇതിനകം പയറ്റേണ്ടതുണ്ട്. മത്സരംകൊഴുക്കുന്നതനുസരിച്ച് അണിയറകളിൽ രാഷ്ട്രീയ ചാണക്യൻമാരുടെ കരുനീക്കങ്ങളും കുതിരക്കച്ചവടങ്ങളും കാലുമാറലുമെല്ലാം അരങ്ങേറും.
അപരന്മാർ തലപൊക്കാം
തിരഞ്ഞെടുപ്പ് തീയതിക്കൊപ്പം നാമനിർദേശ പത്രിക സമർപ്പണത്തിനും പിൻവലിക്കാനുള്ള തീയതികൾ കൂടി പ്രഖ്യാപിച്ചതോടെ ഇതുവരെ കളം നിറഞ്ഞവർക്കൊപ്പം പുതുമുഖങ്ങളും സ്വതന്ത്രരും അപരൻമാരുമെല്ലാം രംഗത്തെത്തും. തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കെ നേതാക്കൾക്കും സ്ഥാനാർത്ഥികൾക്കും വരും ദിവസങ്ങൾ നിർണായകമാണ്. തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഓട്ടപ്രദക്ഷിണത്തിലാകും ഏവരും. അതിനിടെ ഏപ്രിൽ മദ്ധ്യത്തോടെ വിഷു, റംസാൻ ആഘോഷങ്ങളുമെത്തുന്നുണ്ട്. മീനത്തിലെയും കരിഞ്ഞുണങ്ങുന്ന മേടത്തിലെയും ചൂടിനെ കൂസാതെ എങ്ങനെയും ജനവിധി അനുകൂലമാക്കാനുള്ള പൊരിഞ്ഞ പോരിനാണ് നാടും നഗരവും കാത്തിരിക്കുന്നത്.