arr

അരൂർ: അരൂർ പഞ്ചായത്ത് 18-ാം വാർഡിലെ പുത്തൻപുര നടപ്പാതയിലെ കാന നിർമ്മാണം ഇഴയുന്നു. മഴക്കാലത്ത് രൂപപ്പെടുന്ന കടുത്ത വെള്ളക്കെട്ട് ഒഴിവാക്കാനായി നടപ്പാതയിലെ കാന നിർമ്മാണ ജോലികൾ മാസങ്ങൾക്ക് മുമ്പാണ് ആരംഭിച്ചത്. എന്നാൽ നിലവിൽ പണി പാതിവഴിയിൽ നിലച്ച മട്ടാണ്. ഇതുമൂലം പ്രദേശവാസികൾക്ക് നടപ്പാതയിലൂടെ സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. പഞ്ചായത്തിലെ 17,18,19 വാർഡുകളെ ബന്ധിപ്പിക്കുന്നതും ദേശീയപാതയ്ക്ക് സമാന്തരവുമായ പ്രധാന പാതയാണിത്. നൂറുകണക്കിന് പേരാണ് ഇത് പ്രയോജനപ്പെടുത്തിയിരുന്നത്. കാന നിർമ്മാണം പൂർത്തിയാക്കാത്തതിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സമരം അരൂർ നോർത്ത് മണ്ഡലം പ്രസിഡന്റ് ടി.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റ് എൻ.ആർ.ജോൺസൺ അദ്ധ്യക്ഷനായി. കെ.എ. ജോളി,അജയൻ ചാണിയിൽ, കെ.ജെ.ജോബിൻ, കെ.എസ്.ശ്യാം തുടങ്ങിയവർ സംസാരിച്ചു.