ആലപ്പുഴ: വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിച്ചതിന്റെ പ്രതികാര നടപടിയായിട്ടാണ് ജോൺ വി.സാമുവലിനെ ജില്ലാകളക്ടർ സ്ഥാനത്തി നിന്ന് പെട്ടെന്ന് മാറ്റിയതെന്ന് യു.ഡി.എഫ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.എ.ഷുക്കൂർ ആരോപിച്ചു. ക്രമക്കേട് കാണിച്ച ബൂത്ത് ലെവൽ ഓഫീസർമാർക്കെതിരെ കർശന നടപടി സ്വീകരിച്ചതിന്റെ പേരിലാണ് രാത്രിക്ക് രാത്രി ഉത്തരവിറക്കിയത്. വ്യാപകമായി കള്ളവോട്ടുകൾ ചേർക്കുകയും തങ്ങളുടെ പാർട്ടിയിലല്ലാത്തവരുടെ പേരുകൾ വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് വെട്ടുകയും ചെയ്തത് കളക്ടർ കൈയ്യോടെ പിടിച്ചിരുന്നു. ഇവരെ സംരക്ഷിക്കുന്നതിനാണ് കളക്ടറെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.