ആലപ്പുഴ: നഗരത്തിൽ ജനങ്ങൾ കൂടുതൽ ഒത്തുചേരുന്ന പ്രധാന കേന്ദ്രങ്ങളിൽ തണ്ണീർപന്തലുകൾ ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആലപ്പുഴ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്റ്റാൻഡ്, ബോട്ട് ജെട്ടി എന്നിവിടങ്ങളിലാണ് അടിയന്തരമായി കുടിവെള്ളം ലഭ്യമാക്കേണ്ടതെന്ന് ആവശ്യപ്പെട്ട് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ രംഗത്തെത്തി. ചൂട് കനക്കുന്ന പകൽ സമയം മുഴുവനും പൊതു ഗതാഗത കേന്ദ്രങ്ങളിൽ വലിയ ജനത്തിരക്കാണ്. ഇത്രത്തോളം ജനങ്ങൾ ഒത്തുചേരുന്ന പ്രദേശങ്ങളെ അവഗണിക്കരുതെന്നാണ് ആവശ്യം. പൊതുജനങ്ങളുടെയും യാത്രക്കാരുടെയും വിനോദസഞ്ചാരികളുടെയും കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ കൗൺസിൽ സത്വര നടപടികൾ സ്വീകരിച്ച് തണ്ണീർപന്തൽ സ്ഥാപിക്കാൻ തയ്യാറാക്കണം. ജില്ലയുടെ എല്ലാ ഭാഗങ്ങളിൽ നിന്ന് തദ്ദേശീയരും വിദേശ-സ്വദേശ വിനോദസഞ്ചാരികളായി പതിനായിരത്തിനുമേൽ ജനങ്ങൾ സ്വകാര്യ ബസ് സ്റ്റാൻഡ് വഴി ഒരുദിവസം കടന്നുപോകുന്നുണ്ട്. യോഗത്തിൽ കെ.ബി.ടി.എ ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യൻ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.എം.നാസർ, എൻ.സലിം, ടി.പി.ഷാജിലാൽ, സനൽ, സുനീർ ഫിർദോസ്, ബിജു ദേവിക, റിനു സഞ്ചാരി, മഹുമ്മദ് ഷെരീഫ് എന്നിവർ സംസാരിച്ചു.
........
സ്വകാര്യ ബസ് സ്റ്റാൻഡിൽ തണ്ണീർപന്തൽ
''കടുത്ത വേനൽചൂടിൽ ദാഹമകറ്റാൻ വില കൊടുത്തോ വിലയില്ലാതെയോ ജലം ലഭിക്കാൻ മതിയായ സംവിധാനം സ്വകാര്യ ബസ് സ്റ്റാൻഡിലില്ല. ഏറ്റവും കൂടുതൽ ആളുകൾ വന്നുപോകുന്ന പ്രദേശത്താണ് തണ്ണീർപന്തലിന്റെ ആവശ്യകത.
പി.ജെ.കുര്യൻ, കെ.ബി.ടി.എ ജില്ലാ പ്രസിഡന്റ്