
മാന്നാർ: ഇരുപത് വർഷത്തിലധികമായി വൈദ്യുതി വെളിച്ചം ഇല്ലാതെ ഇരുളടഞ്ഞ ജീവിതം നയിച്ചിരുന്ന ഭിന്നശേഷി യുവതിക്ക് രണ്ടു പഞ്ചായത്തിലെ ജനപ്രതിനിധികളുടെ തുണയിൽ വൈദ്യുതിയെത്തി. ജന്മനാ ബധിരയും മൂകയുമായ ചെന്നിത്തല ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡിൽ ഇരമത്തൂർ കണ്ണമ്പള്ളിൽ വത്സലയുടെ ഭവനത്തിലാണ് ഇന്നലെ വൈദ്യുതിയെത്തിയത്. അതിദരിദ്ര വിഭാഗത്തിൽപ്പെട്ട വത്സലയുടെ ദുരവസ്ഥ മാന്നാർ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരിൽ നിന്ന് കേട്ടറിഞ്ഞ മാന്നാർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പറും വികസനകാര്യ സമിതി അദ്ധ്യക്ഷയുമായ ശാലിനി രഘുനാഥും ചെന്നിത്തല ഗ്രാമപഞ്ചായത്ത് വികസനകാര്യ സമിതി അദ്ധ്യക്ഷയും എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ അഡ്.കമ്മിറ്റിയംഗവുമായ പുഷ്‌പ ശശികുമാറും ഒത്തുചേർന്നാണ് വത്സലയുടെ ഭവനത്തിൽ വെളിച്ചമെത്തിച്ചത്.
വത്സലയുടെ വീടിന്റെ വയറിംഗും അനുബന്ധ ജോലികളും പൂർണമായും സ്വന്തം ചെലവിൽ ചെയ്തു നൽകാൻ ശാലിനി രഘുനാഥ് മുന്നിട്ടിറങ്ങിയപ്പോൾ വൈദ്യുതി കണക്ഷനുവേണ്ട പേപ്പറുകളും മറ്റും തയ്യാറാക്കുന്നതിന് പുഷ്‌പ ശശികുമാറും മുന്നിട്ടിറങ്ങുകയായിരുന്നു. കെ.എസ്.ഇ.ബി മാന്നാർ സെക്ഷനോഫീസിലെ ജീവനക്കാരുടെ പരിപൂർണ സഹകരണവും ഉണ്ടായിരുന്നു. വത്സലയുടെ വീട്ടുപരിസരത്ത് ഇന്നലെ രാവിലെ നടന്ന ലളിതമായ ചടങ്ങിൽ ശാലിനി രഘുനാഥും പുഷ്പശശികുമാറും ചേർന്ന് വൈദ്യുതി കണക്ഷന്റെ സ്വിച്ച്ഓൺ കർമ്മം നിർവഹിച്ചു. മാന്നാർ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വത്സലക്ക് ഈ ചൂടുകാലത്ത് ആശ്വാസമേകാൻ ഒരു ഫാൻ സമ്മാനിക്കുകയും ചെയ്തു.