ആലപ്പുഴ: പൊതുഅവധി ദിനമായ ഈസ്റ്റർ പ്രവർത്തിദിവസമാക്കിയതിൽ ഹയർ സെക്കൻഡറി അദ്ധ്യാപകർക്കിടയിൽ വ്യാപക പ്രതിഷേധം. പ്ലസ് ടു മൂല്യനിർണ്ണയ ക്യാമ്പുകൾ ഏപ്രിൽ ഒന്നിന് ആരംഭിക്കുന്നതിനാലാണ് ഈസ്റ്റർ ദിനമായ ഞായറാഴ്ചയും പ്രവൃത്തി ദിനമാക്കി സ‌ർക്കാർ സർക്കുലർ പുറപ്പെടുവിച്ചത്. ഈസ്റ്റർ ദിനം ആഘോഷിക്കാനും മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനുമുള്ള അവസരം പോലും അദ്ധ്യാപകർക്ക് സ‌ർക്കാർ നിഷേധിക്കുകയാണെന്ന് ഒരു വിഭാഗം അദ്ധ്യാപകർ ആരോപിച്ചു. 26നാണ് പരീക്ഷകൾ അവസാനിക്കുക. ഉത്തര പേപ്പറുകൾ 27, 28 തീയതികളായി ക്യാമ്പുകളിൽ എത്തും. ഏപ്രിൽ ഒന്നിന് ക്യാമ്പ് തുടങ്ങുകയാണെങ്കിൽ മാർച്ച് 30ശനി, 31 തീയതികളിലും ചുമതലയുള്ള അദ്ധ്യാപകർ ക്യാമ്പിലെത്തണം. മൂല്യനിർണ്ണയം പൂർത്തിയാക്കാൻ പരമാവധി പത്ത് ദിവസം മാത്രം മതിയെന്നിരിക്കെ ധൃതിയിൽ ഏപ്രിൽ 1 മുതൽ ആരംഭിക്കേണ്ട സാഹചര്യമില്ലെന്നും അദ്ധ്യാപകർ പറയുന്നു.

അതേസമയം,​ ക്രൈസ്തവർ വലിയ പ്രാധാന്യത്തോടെ കരുതുന്ന ഈസ്റ്റർ ദിനത്തിൽ അദ്ധ്യാപകർ ഡ്യൂട്ടിക്ക് എത്തണമെന്ന സർക്കാർ നിർദ്ദേശം ദു:ഖകരമാണെന്ന് കേരളാ കൗൺസിൽ ഒഫ് ചർച്ചസ് പ്രസ്താവിച്ചു. പെസഹാ വ്യാഴാഴ്ചയും ദു:ഖവെള്ളിയാഴ്ചയും പരീക്ഷാ പേപ്പറുകൾ ശേഖരിക്കാൻ അദ്ധ്യാപകർ ക്യാമ്പിൽ ഹാജരാകേണ്ടുന്ന സാഹചര്യമുണ്ട്. തീയതിയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകിയതായി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ് അറിയിച്ചു.

ഏപ്രിൽ ഒന്നിന് മൂല്യ നിർണ്ണയ ക്യാമ്പുകൾ തുടങ്ങാനുള്ള സർക്കാർ നീക്കം ക്രൈസ്തവരായ അദ്ധ്യാപകർക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും ഹയർ സെക്കന്ററി പരീക്ഷാസെക്രട്ടറിക്കും ഇത് സംബന്ധിച്ച് നിവേദനം നൽകിയിട്ടുണ്ട്.

- അജു പി .ബഞ്ചമിൻ,

ജില്ലാപ്രസിഡന്റ്, എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോ.