
അമ്പലപ്പുഴ: കെ-ഫോണിന്റെ കേബിൾ മാറ്റുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. തൃക്കുന്നപ്പുഴ കോട്ടെ മുറി ചെറുകരയിൽ അനന്തു (26) ആണ് മരിച്ചത്. ദേശീയപാതയിൽ പുറക്കാട് കരൂരിൽ ഇന്നലെ രാവിലെ 11ഓടെ ആയിരുന്നു അപകടം. കെ-ഫോൺ കരാർ തൊഴിലാളിയായ അനന്തുവും മറ്റു തൊഴിലാളികളും ചേർന്ന് ദേശീയ പാതയിലെ വൈദ്യുതപോസ്റ്റിൽ നിന്ന് കേബിൾ മാറ്റുന്നതിനിടെ അനന്തുവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. റോഡിൽ തലയടിച്ചു വീണ് ഗുരുതര പരിക്കേറ്റ അനന്തുവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുരേഷ് - ലേഖ കുമാരി ദമ്പതികളുടെ ഏകമകനാണ്. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.