
മാന്നാർ: റേഷൻ കാർഡിന്റെ മസ്റ്ററിംഗ് ചെയ്തു കൊടുക്കാത്തതിന് റേഷൻ കടയിലെ ജീവനക്കാരന്റെ തലക്ക് മദ്യക്കുപ്പികൊണ്ട് അടിച്ച് പരിക്കേൽപിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ടിപ്പർ ലോറി ഡ്രൈവറായ കുട്ടംപേരൂർ ചെമ്പകമഠത്തിൽ സനലിനെ(45) യാണ് റിമാന്റ് ചെയ്തത്. കുട്ടംപേരൂർ മുട്ടേൽ ജംഗ്ഷന് വടക്കു വശം 1654-ാംനമ്പർ കുട്ടംപേരൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള 59-ാംനമ്പർ റേഷൻ കടയിലെ ജീവനക്കാരൻ കുളഞ്ഞിക്കാരാഴ്മ മണലിൽകാട്ടിൽ ശശിധരൻ നായർ(55 )നെയാണ് മദ്യക്കുപ്പികൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്പിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. മാന്നാർ പൊലീസ് ഇൻസ്പെക്ടർ ബി.രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയത്.