ayur

ആലപ്പുഴ: ശോച്യാവസ്ഥയിലായ ജില്ലാആയുർവേദ ആശുപത്രി കെട്ടിടം പുനർനിർമ്മിക്കുന്നതിന്റെ ആദ്യ പടിയായി ആശുപത്രി പ്രവർത്തനം താത്കാലികമായി മാറ്റുന്നതിന് വാടക കെട്ടിടം കണ്ടെത്തി. ആറാട്ടുവഴിയിലാണ് ആശുപത്രി പ്രവർത്തിക്കാൻ ആവശ്യമായ സൗകര്യങ്ങളോടെ കെട്ടിടം ലഭിച്ചിരിക്കുന്നത്. കെട്ടിട വാടക സംബന്ധിച്ച് സർക്കാർ മാനദണ്ഡം അനുസരിച്ചുള്ള ധാരണയും കരാറും ആകേണ്ടതുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ ഫലപ്രഖ്യാപനം കൂടി പൂർത്തിയാകുമ്പോഴേക്കും ജൂൺ ആദ്യവാരത്തോടെ മാത്രമേ അവിടേക്ക് മാറാനാകൂ. പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് മുന്നോടിയായി ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കുന്നതിനും, ലാബ് സജ്ജീകരിക്കുന്നതിനുമടക്കം ക്വട്ടേഷൻ ക്ഷണിക്കൽ ആരംഭിച്ചിരുന്നു. ആയുസ് തീർന്ന ജില്ലാ ആയുർവേദ ആശുപത്രി കെട്ടിടം എം.എൽ.എ ഫണ്ടും ജില്ലാ പഞ്ചായത്തിന്റെ സഹായവും ഉപയോഗിച്ച് പുനർനിർമ്മിക്കാനാണ് പദ്ധതി. വെള്ളക്കിണർ - പുലയൻവഴി റോഡിനോട് ചേർന്ന് 26 സെന്റ് സ്ഥലത്താണ് ജില്ലാ ആയുർവേദ ആശുപത്രി സ്ഥിതി ചെയ്യുന്നത്. 1972ൽ പ്രവർത്തനമാരംഭിച്ച കെട്ടിടത്തിന്റെ മേൽക്കൂരയടക്കം പല ഭാഗങ്ങളും അടർന്ന് വീഴുന്നത് പതിവാണ്. അമ്പത് പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. കെട്ടിടത്തിന്റെ മുകളിൽ ഷീറ്റ് സ്ഥാപിച്ചാണ് മഴക്കാലത്ത് ചോർച്ച ഒഴിവാക്കുന്നത്. നിലവിൽ ആവശ്യത്തിന് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ആശുപത്രിയിലില്ല. പഴയ കെട്ടിടം പൂ‌ർണമായി പൊളിച്ച് പുനർനിർമ്മിക്കുമ്പോൾ എല്ലാ കുറവുകളും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

.......

50 : ഡോക്ടർമാരടക്കം 50ഓളം ജീവനക്കാർ

300: ദിവസവും ഒ.പിയിൽ വരുന്ന രോഗികളുടെ എണ്ണം

......

''എത്രയും വേഗം താത്കാലിക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി, പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കാനാണ് ആഗ്രഹം. വാടക കെട്ടിടത്തിന്റെ നിരക്ക് സംബന്ധിച്ച് ധാരണയാകേണ്ടതുണ്ട്.

- ഡോ.വി.അനിൽകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ, ഭാരതീയ ചികിത്സാ വകുപ്പ്