ആലപ്പുഴ: കെ.എസ്.ആർ.ടി.സിയുടെ ജില്ലയിലെ ഡ്രൈവിംഗ് സ്കൂൾ സജ്ജമാകുന്നത്

മാവേലിക്കര റീജിയണൽ വർക്ക്ഷോപ്പിൽ. സ്ഥലസൗകര്യമാണ് മാവേലിക്കരയ്ക്ക് നറുക്ക് വീഴാൻ കാരണം. ആർ.ടി ഓഫീസുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിക്കാൻ കഴിഞ്ഞ ദിവസം നടന്ന ഗൂഗിൾ മീറ്റിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചു. ഇത് അനുസരിച്ചുള്ള നടപടികളുമായി മുന്നോട്ടു നീങ്ങുകയാണ് ഡിപ്പോ അധികൃതർ.

മാവേലിക്കര വർക്ക് ഷോപ്പ് കെട്ടിടത്തിൽ തന്നെ ഡെമോൺസ്ട്രേഷൻ ക്ലാസ് റൂം അടക്കം സജ്ജീകരിക്കാനുള്ള സൗകര്യമുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ മാസം 30ന് മുമ്പ് ഡ്രൈവിംഗ് സ്കൂൾ ലൈസൻസിനുള്ള നടപടികൾ പൂർത്തിയാക്കാനാണ് ആർ.ടി ഓഫീസിന്റെ നിർദ്ദേശം. അതോസമയം ഔദ്യോഗിക അറിയിപ്പിനും നിർദ്ദേശങ്ങൾക്കുമപ്പുറം എത്ര സെന്റ് സ്ഥലമാണ് ടെസ്റ്റിന് ആവശ്യമെന്നത് അടക്കമുള്ള വിഷയങ്ങളിൽ ജില്ലയിലെ ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പം തുടരുകയാണ്.

ക്ളാസിന് വേണ്ടത്

 ക്ലാസ് റൂം

 ഡെമോൺസ്ട്രേഷൻ ഹാൾ (10 അടി x 15 അടി)

 പരിശീലന വാഹനങ്ങൾ

 പരിശീലന മൈതാനം

 ഓഫീസ്

 പാർക്കിംഗ് സൗകര്യം

പാഠ്യപദ്ധതി

 ഡ്രൈവിംഗ് സിദ്ധാന്തം

 ട്രാഫിക് നിയമങ്ങൾ

 റോഡ് സുരക്ഷ

 വാഹന പരിപാലനം

ജില്ലയിലെ മറ്റ് ഡിപ്പോകളുമായും വർക്ക്ഷോപ്പുകളുമായും താരതമ്യം ചെയ്യുമ്പോൾ മാവേലിക്കര റീജിയണൽ വർക്കഷോപ്പിൽ കൂടുതൽ സ്ഥലസൗകര്യമുണ്ട്. പ്രാരംഭ നടപടികൾ ആരംഭിക്കാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. അതിനനുസരിച്ച് മുന്നോട്ട് പോകുന്നു

- മാനേജർ, കെ.എസ്.ആർ.ടി.സി റീജിയണൽ വർക്ക്ഷോപ്പ്,​ മാവേലിക്കര