
# പ്രേമയും പ്രിയയും വലതുകാൽവച്ച് ഒരേവീട്ടിലേക്ക്
മാന്നാർ: ഇരട്ടസഹോദരിമാരായ പ്രേമമോൾക്കും പ്രിയമോൾക്കും മനംപോലെ മാംഗല്യം.
ഇരട്ട സഹോദരങ്ങളെതന്നെ വിവാഹം കഴിക്കണമെന്നും അങ്ങനെ ഒരേ വീട്ടിലേക്ക് തന്നെ വലതുകാൽ വച്ച് കയറണമെന്നുമുള്ള ഇരുവരുടെയും പ്രാർത്ഥന ദൈവം കേട്ടു. ബുധനൂർ ശ്രീ കുന്നത്തൂർകുളങ്ങര ദേവീക്ഷേത്ര സന്നിധിയിൽ അത് സഫലമായി. ബുധനൂർ വഴുതന മുറിയിൽ പുത്തൻവീട്ടിൽ വി.ഡി.പ്രസന്നന്റെയും എൻ.കെ.സരസമ്മാളിന്റെയും ഇരട്ട മക്കളായ പ്രേമയും പ്രിയയും ഇരട്ടകളായ നിധീഷിന്റെയും നിവേദിന്റെയും കൈപിടിച്ചാണ് വൈവാഹിക ജീവിതത്തിലേക്ക് കടന്നത്. ഇതോടെ ദമ്പതികൾക്ക് അവരവരുടെ ഫോട്ടോകൾ പതിച്ച ഉപഹാരങ്ങൾ നൽകാൻ കതിർമണ്ഡപത്തിലെത്തിയവർ ആകെ ആശയക്കുഴപ്പത്തിലായി.
പലർക്കും ഉപഹാരങ്ങൾ പരസ്‌പരം മാറിപ്പോയത് കല്യാണംകൂടാനെത്തിയവരിൽ
കൂട്ടച്ചിരി പടർത്തി. കോട്ടയം തൃക്കോതമംഗലം തെക്കേ മരങ്ങാട്ടുപറമ്പിൽ എ.എസ്. വാസുവിന്റെയും പി.ഉഷാദേവിയുടെയും മക്കളാണ് ഇരട്ടകളായ നിധീഷും നിവേദും. മൾട്ടിമീഡിയ ആനിമേഷനിൽ ഡിപ്ലോമക്കാരനായ നിധീഷ് ദുബായിലും, ഗ്രാഫിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ഡിപ്ലോമക്കാരനായ നിവേദ് അബുദാബിയിലും ഗ്രാഫിക്സ് ഡിസൈനറാണ്. ആർട്ട് ഒഫ് ലിവിംഗ് അദ്ധ്യാപകരാണ് പ്രേമമോളും പ്രിയമോളും.
എല്ലാവരിലും കൗതുകമുണർത്തിയ ഇരട്ട വിവാഹത്തിൽ പങ്കെടുത്ത് വധൂവരന്മാരെ ആശീർവദിക്കാൻ ഇരുകുടുംബങ്ങളിലെയും ബന്ധുക്കൾക്കൊപ്പം കൂട്ടുകാരും നാട്ടുകാരുമെല്ലാം എത്തിയിരുന്നു.
ഓരോപടവും ഒരുമിച്ച്
ആർട്ട് ഒഫ് ലിവിംഗിന്റെ ഭാഗമായും അല്ലാതെയും ക്ഷേത്രങ്ങളിലും മറ്റും ഭജൻസ് പാടാൻ ഒരുമിച്ച് പോകാറുള്ള പ്രേമയും പ്രിയയും ജീവിതത്തിന്റെ പടവുകൾ കയറിയതും തനിച്ചായിരുന്നില്ല.
പാണ്ടനാട് എസ്.വി.എച്ച്.എസിൽ പത്താം ക്‌ളാസും പേരിശ്ശേരി ടെക്നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്‌ടുവും ഒരുമിച്ച് പഠനം പൂർത്തിയാക്കിയ ഇരുവരും ചെങ്ങന്നൂർ വനിതാ ഗവ.ഐ.ടി.ഐയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ പഠനവും കഴിഞ്ഞ് കേരള സ്റ്റേറ്റ് റൂട്രോണിക്സിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് എൻജിനിയറിംഗിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.