jithu

ആലപ്പുഴ: സുപ്രീംകോടതി ജ‌ഡ്‌ജി ചമഞ്ഞ് നാടാകെ കറങ്ങി നടന്ന് തട്ടിപ്പ് നടത്തിയ യുവാവ്

ഒടുവിൽ പുളിങ്കുന്ന് പൊലീസിന്റെ പിടിയിലായി. സംസ്ഥാനത്തെ പത്തോളം പൊലീസ് സ്റ്റേഷനുകളിലായി ഡസൻ കണക്കിന് തട്ടിപ്പ് കേസുകളിൽ പ്രതിയായ കണ്ണൂർ ചിറക്കൽ പഞ്ചായത്ത് നാലാം വാർഡിൽ പുതിയതെരുമുറിയിൽ കവിതാലയം വീട്ടിൽ ജിത്തുവെന്ന ജിഗീഷിനെയാണ്(39) പൊലീസ് അകത്താക്കിയത്. ജപ്തി നോട്ടീസിലെ വായ്പാ കുടിശിക ഒഴിവാക്കി നൽകാമെന്ന് പറഞ്ഞ് വെളിയനാട് സ്വദേശിനിയായ വീട്ടമ്മയെ തട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

വീട്ടമ്മയുടെ മകളുടെ സുഹൃത്ത് വഴിയാണ് ജിഗീഷിനെ പരിചയപ്പെട്ടത്. മകളുടെ സുഹൃത്തായ ടിപ്പർ ലോറി ഡ്രൈവർ മാസങ്ങൾക്ക് മുമ്പ് ചങ്ങാശേരിയിൽ വച്ചാണ് ജിഗീഷിനെ കണ്ടുമുട്ടിയത്.തുടർന്ന് ഇരുവരും സുഹൃത്തുക്കളായി. സുപ്രീം കോടതി ജഡ്ജിയാണെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണമെന്നും പറഞ്ഞ് ഫോൺ നമ്പർ കൈമാറിയ ജിഗീഷ്,​ പിന്നീട് ഇയാളുമായി നിരന്തരം വിളിയായി. ഇതിനിടെയാണ് വീടിന്റെ ജപ്തി വിവരം ടിപ്പർ ഡ്രൈവറിൽ നിന്ന് ഇയാൾ മനസിലാക്കിയത്. തുടർന്ന് 4500 രൂപ തന്നാൽ ജപ്തി നടപടി

ഒഴിവാക്കാമെന്ന് ജിഗീഷ് അറിയിക്കുകയായിരുന്നു. പന്തികേട് തോന്നിയ വീട്ടമ്മ സുഹൃത്തുക്കളായ ചില അഭിഭാഷകരോട് അന്വേഷിച്ചപ്പോഴാണ് ഇങ്ങനൊരു ജഡ്ജിയില്ലെന്നും

തട്ടിപ്പാണെന്നും ബോദ്ധ്യപ്പെട്ടത്. ഇതോടെ ഇവർ പരാതിയുമായി പുളിങ്കുന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

പത്ത് പാസാകാത്ത 'ജ‌ഡ്‌ജി '

പൊലീസ് അന്വേഷണത്തിൽ ജിഗീഷ് പത്താംക്ളാസ് പോലും പാസായിട്ടില്ലെന്ന് കണ്ടെത്തുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. രാമങ്കരി, എടത്വ, കോടനാട്, കണ്ണപുരം, പുതുക്കാട്, മാള, കൊരട്ടി, മട്ടന്നൂർ തുടങ്ങിയ സ്റ്റേഷനുകളിൽ സമാനമായതട്ടിപ്പിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. പുളിങ്കുന്ന് സർക്കിൾ ഇൻസ്പെക്ടർ യേശുദാസ് എ.എൽ, സബ് ഇൻസ്പെക്ടർ തോമസ് എം.ജെ, അസി. സബ് ഇൻസ്പെക്ടർ വിജിമോൻ ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രതീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.