
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ മൃതദേഹത്തോട് അവഗണന. പോസ്റ്റുമോർട്ടത്തിനായി കൊണ്ടുവരുന്ന മൃതദേഹങ്ങൾ താഴെയും ആംബുലൻസുകളിലും മണിക്കൂറുകളോളം കിടത്തുന്നതായാണ് പരാതി. വീലുകളുള്ള ട്രോളിയുടെ അഭാവമാണ് ഇങ്ങനെ മൃതദേഹങ്ങൾ താഴെ കിടത്തേണ്ടി വരുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ മാസങ്ങളായുള്ള ജീവനക്കാരുടെ ആവശ്യം അധികൃതർ ഗൗനിക്കുന്നില്ലെന്നാണ് പരാതി.ഞായറാഴ്ച വിവിധ സ്ഥലങ്ങളിൽ നിന്ന് പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിൽ കൊണ്ടുവന്ന മൃതദേഹങ്ങളിൽ ഒന്ന് മണിക്കൂറുകളോളം നിലത്തും ,രണ്ടെണ്ണം മൃതദേഹങ്ങൾ കൊണ്ടുവന്ന ആംബുലൻസുകളിലും ട്രോളിയില്ലാത്തതിനാൽ കിടത്തേണ്ടി വന്നു.ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
.....
# ആറ് ട്രോളി വേണം
ആകെ 5 ട്രോളികൾ ഉണ്ടായിരുന്നതിൽ 2 എണ്ണം കേടായിട്ട് ആഴ്ചകളായി.നിലവിൽ 3 എണ്ണം മാത്രമാണ് ഉള്ളത് . 6 ടോളികൾ വേണമെന്നാണ് ജീവനക്കാർ പറയുന്നത്. ആശുപത്രിയിലെ ഹൗസ് കീപ്പിംഗ് വിഭാഗമാണ് ട്രോളികൾ നൽകേണ്ടത്