
അരൂർ : ആലപ്പുഴ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി അരൂരിൽ കെ.സി.ഫാൻസ് ക്ലബ് രൂപീകരിച്ചു. കെ.സിയ്ക്ക് വേണ്ടി ചുവരെഴുത്ത്, പോസ്റ്റർ ഒട്ടിക്കൽ, ഫ്ളക്സ് സ്ഥാപിക്കൽ, ഗ്രൂപ്പുകളായി വീടുകൾ കയറി ഇറങ്ങി സ്ക്വാഡ് പ്രവർത്തനം, സാമൂഹിക സേവനം തുടങ്ങിയവയാണ് ഫാൻസുകാരുടെ ലക്ഷ്യം. ആദ്യം 50 പേര് അടങ്ങുന്ന ഫാൻസുകാരുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.കെ.സി ഫാൻസ് ചെയർമാൻ കെ.എ.സലിം ചന്തിരൂരും കൺവീനർ സുഭാഷ് കല്ലുവീടുമാണ്. പൊതു പ്രവർത്തകൻ കെ.എ.സലിം ചന്തിരൂരിന്റെ മനസിൽ രൂപം കൊണ്ട ഒരു ആശയം ആണ് കെ.സി ഫാൻസ്. ''കരുതൽ ആണ് കെ.സി, കരുത്താണ് കെ.സി, കരുത്തൻ ആണ് കെ.സി" എന്നതാണ് കെ.സി.ഫാൻസിന്റെ മുദ്രാവാക്യം. അരൂർ മേഖലയ്ക്ക് പുറമേ മറ്റു മേഖലകളിലേക്കും ഫാൻസ് ക്ലബിന്റെ പ്രവർത്തനം താമസിയാതെ വ്യാപിപ്പിക്കുമെന്ന് ചെയർമാൻ കെ.എ.സലിം ചന്തിരൂർ പറഞ്ഞു. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ തുടക്കത്തിൽ 50 ഓളം നിർദ്ധന വീടുകൾക്ക് ഓരോ മാസവും ഭക്ഷണ കിറ്റ് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.