# കസ്റ്റഡി അപേക്ഷയും പരിഗണിക്കും

ചേർത്തല: കേരള ബാങ്കിലെ പണയ സ്വർണം മോഷണം പോയ സംഭവത്തിൽ മുൻ ഏരിയാ മനേജർ മീരാമാത്യുവിന്റെ ജാമ്യാപേക്ഷ ചേർത്തല ജുഡീഷ്യൽ ഫസ്​റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ഇന്ന് പരിഗണിക്കും. ഇതിനൊപ്പം സമാന കേസുകളിൽ ചേർത്തല, അർത്തുങ്കൽ പൊലീസിന്റെ കസ്​റ്റഡിയപേക്ഷയും പരിഗണിക്കുമെന്നാണ് സൂചന. പട്ടണക്കാട് പൊലീസിന്റെ കസ്​റ്റഡിയിൽ മൂന്ന് ദിവസത്തേയ്ക്ക് വിട്ടിരുന്ന മീരാമാത്യുവിനെ ഇന്നലെ തിരികെ മാവേലിക്കര ജയിലിലേക്കയച്ചു. ചോദ്യം ചെയ്യലിൽ ഇവർ നിർണായകമായ പലവിവരങ്ങളും പൊലീസിന് കൈമാറിയെങ്കിലും പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയതെന്നാണ് വിവരം. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മോഷണ സ്വർണം കൈമാറിയതായി പറയുന്ന മാർവാടികളുടെ അടുത്തും ബാങ്കുകളിലും ഇവരുമായി പൊലീസ് പോയെങ്കിലും സ്വർണം കണ്ടെത്തനായിട്ടില്ല. സംഭവം നടന്ന് രണ്ടു വർഷത്തോളം പിന്നിട്ട സാഹചര്യത്തിൽ സ്വർണം കൈമറിഞ്ഞിരിക്കുമെന്നാണ് വിലയിരുത്തൽ. ഇവരുടെ മൊഴി പഠിച്ച് വിശദമായ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പട്ടണക്കാട് പൊലീസ്.
കേരളാ ബാങ്കിലെ പട്ടണക്കാട്,ചേർത്തല,ചേർത്തല നടക്കാവ് ശാഖകളിൽ നിന്ന് പരിശോധനകൾക്കിടെ 335.08 ഗ്രാം പണയ സ്വർണ മോഷ്ടിച്ചെന്ന കേസിലാണ് മുൻ ഏരിയാമാനേജരായ ചേർത്തല നഗരസഭ രണ്ടാംവാർഡ് തോട്ടുങ്കരവീട്ടിൽ മീരാമാത്യവിനെ(44)അറസ്​റ്റു ചെയ്തത്.