ആലപ്പുഴ: ആറ്റിൽ കുളിക്കാനിറങ്ങിയ ഐ.ടി.ഐ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചെങ്ങന്നൂർ ഗവ.ഐ.ടി.ഐയിലെ വിദ്യാർത്ഥിയായ വെൺമണി ചാങ്ങമലയിൽ തിനംകലവിളയിൽ സന്തോഷിന്റെ മകൻ അമ്പാടി (17) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7മണിയോടെ ശാർങ്ങക്കാവ് ക്ഷേത്രത്തിന് സമീപത്തെ ആറ്റുകടവിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. കുടുംബാംഗങ്ങൾക്കൊപ്പമെത്തിയ അമ്പാടിയെ ഒപ്പമുള്ളവർ രക്ഷിക്കാൻ ശ്രമിച്ചങ്കിലും കഴിഞ്ഞില്ല. ചെങ്ങന്നൂർ ഫയർഫോഴ്സും വെൺമണി പൊലീസും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ചെങ്ങന്നൂരിലെ സ്വകാര്യആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.