
സ്വാതന്ത്ര്യസമര സേനാനിയും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവുമായിരുന്ന മേട്ടുതറ നാരായണൻ വിടപറഞ്ഞിട്ട് ഇന്ന് പതിമൂന്നു വർഷം പൂർത്തിയാകുന്നു. മദ്ധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സവിശേഷ അദ്ധ്യായമാണ് മേട്ടുതറ നാരായണന്റേത്. പുതുപ്പള്ളിയുടെ വിപ്ലവസ്മരണകളിലും, തോപ്പിൽഭാസിയുടെ ഒളിവിലെ ഓർമ്മകളിലും ഒരു പോരാളിയായി അദ്ദേഹം നിറഞ്ഞു നിൽക്കുന്നു.
ആലപ്പുഴയിലെ പത്തിയൂരിൽ ജനിച്ച മേട്ടുതറ നാരായണൻ ഏഴു പതിറ്റാണ്ടോളം രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ രംഗത്ത് നൽകിയ സംഭാവനകൾ മദ്ധ്യതിരുവിതാംകൂറിന് മറക്കാനാവില്ല. സ്വാതന്ത്ര്യ സമരത്തിന്റെ ജ്വാലകൾ ഉയർന്നുവന്ന കാലത്താണ് മേട്ടുതറ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അദ്ദേഹം ചർക്കയിൽ നൂൽ നൂറ്റും ചർക്ക ക്ലാസുകൾ സംഘടിപ്പിച്ചും മഹാത്മാഗാന്ധി ആരംഭിച്ച ഹരിജൻ പത്രത്തിന്റെ കായംകുളത്തെ ഏജന്റും പ്രചാരകനുമായിരുന്നു.
ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനായ മേട്ടുതറ സ്വാതന്ത്ര്യസമര പ്രക്ഷോങ്ങളിൽ മുന്നിലുണ്ടായിരുന്നു.
മർദ്ദനവും അറസ്റ്റും ജയിൽവാസവും അനുഭവിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി മേട്ടുതറയെ താമ്രപത്രം നൽകി ആദരിച്ചു. കോൺഗ്രസിന്റെ നയവ്യതിയാനങ്ങളോടു വിയോജിച്ച് 1949- ലാണ് മേട്ടുതറ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേരുന്നത്. ഇന്ദിരാ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളോടുള്ള പ്രതിഷേധ സൂചകമായി, സ്വാതന്ത്ര്യസമര സേനാനികൾക്ക് കേന്ദ്രസർക്കാർ നൽകിയുന്ന അഞ്ചേക്കർ സ്ഥലവും കേന്ദ്രപെൻഷനും മേട്ടുതറ വേണ്ടെന്നു വയ്ക്കുകയും ജീവിതാവസാനം വരെ ആ നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്തു.
എം.എൻ. ഗോവിന്ദൻ നായർ, ടി.വി. തോമസ്, ശങ്കരനാരായണൻ തമ്പി, ആർ. സുഗതൻ, വി.എസ്. അച്യുതാനന്ദൻ, കെ. കേശവൻ പോറ്റി, തോപ്പിൽ ഭാസി, പുതുപ്പള്ളി രാഘവൻ, എൻ. ശ്രീധരൻ തുടങ്ങിയവരോടൊപ്പമായിരുന്നു പിന്നീടുള്ള പ്രവർത്തനം. കശുഅണ്ടിത്തൊഴിലാളികൾ അടക്കം വിവിധ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കുകയും, അവരുടെ അവകാശങ്ങൾക്കായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. പലപ്പോഴും ഒളിവിൽ പോകേണ്ടിവന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളെ പൊലീസ് അകാരണമായി ജയിലിലടച്ചപ്പോൾ അവരെ മോചിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രക്ഷോഭത്തിൽ മേട്ടുതറ അടക്കമുള്ളവരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്തു, ക്രൂരമായി മർദ്ദിച്ച് വിചാരണയില്ലാതെ വർഷങ്ങളോളം ആലപ്പുഴ ജയിലിലടച്ചു. പൊലീസ് മർദ്ദനത്തിൽ മേട്ടുതറ മരിച്ചു എന്നുപോലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇക്കാര്യങ്ങൾ തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമ്മകളിലും പുതുപ്പള്ളിയുടെ വിപ്ലവസ്മരണകളിലും വ്യക്തമാക്കിയിട്ടുണ്ട്.
വി.എസ്. അച്ച്യുതാനൻ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവിൽ മേട്ടുതറ കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറിയായിരുന്നു. അതിനിടെയാണ് രിക്കുമ്പോഴാണ് 1957-ലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്. താലൂക്കിൽ നിന്ന് കൂടുതൽ എം.എൽ.എമാരെ നിയമസഭയിലെത്തിക്കാൻ മേട്ടുതറയുടെ നേതൃത്വത്തിനു കഴിഞ്ഞു. ചെങ്ങളത്ത് കൃഷ്ണപിള്ള, ആർ.സുഗതൻ, കെ.ഒ. ഐഷാ ഭായി, എം.എൻ.ഗോവിന്ദൻ നായർ എന്നിവരെ നിയമസഭയിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് മേട്ടുതറയുടെ അക്ഷീണ പ്രയത്നമുണ്ടായിരുന്നു.
പാർട്ടി ചുമതലകളിലും അധികാര സ്ഥാനങ്ങളിലുമായിരിക്കെ അഴിമതിക്കോ അധികാര ദുർവിനിയോഗത്തിനോ മേട്ടുതറ ശ്രമിച്ചില്ല. ഒരു ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ പ്രതിബദ്ധത എല്ലാക്കാലവും സൂക്ഷിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം സാഹിത്യ, സാംസ്‌കാരിക പരിപാടികളിലും പങ്കെടുത്തു. ശ്രീനാരായണ ഗുരുദേവന്റെ നവോത്ഥാന ആശയങ്ങൾ മേട്ടുതറ എന്നും പിന്തുടർന്നിരുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കാലിക പ്രാധാന്യം ഉൾക്കൊണ്ട് പ്രവർത്തിക്കുകയും ചെയ്തു. 2011 മാർച്ച് 19 ന് അദ്ദേഹം വിടപറഞ്ഞു. മേട്ടുതറയുടെ 'തിരിഞ്ഞു നോക്കുമ്പോൾ' എന്ന ആത്മകഥ ആ ജീവിത്തിന്റെ തുടിക്കുന്ന താളുകളാണ്.
പൊതുസമൂഹത്തിനും പാർട്ടിക്കും വേണ്ടി ജീവിതം മാറ്റിവച്ചവരുടെ കുടുംബങ്ങളെ പാർട്ടി നേതൃത്വവും പ്രസ്ഥാനവും ശ്രദ്ധയോടെ കാക്കേണ്ടതാണ്. മേട്ടുതറയുടെ മകൻ തമ്പി മേട്ടുതറ ശ്രീനാരായണീയ പ്രവർത്തനങ്ങളിൽ ഒപ്പമുണ്ടന്നുള്ളത് സന്തോഷം നൽകുന്നതാണ്. ആദർശധീരരായ മൺമറഞ്ഞവരുടെ സ്മരണകൾ നിലനിറുത്താൻ ശ്രദ്ധിക്കുകയും മേട്ടുതറയെപ്പോലുള്ളവരുടെ മൂല്യങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു നൽകുകയും വേണം. ആ മഹദ് വ്യക്തിത്വത്തിന്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം.