ആലപ്പുഴ : തീ പാറുന്ന കവല പ്രസംഗങ്ങൾക്കൊപ്പം ജനത്തെ പിടിച്ചിരുത്താൻ കലാവിരുന്നുകളും അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് മുന്നണികൾ. ഡാൻസും പാട്ടും നാടകവും എല്ലാം ഉൾപ്പെടുന്ന കിടിലൻ 'പാക്കേജു'കളാണ് പല സ്ഥാനാർത്ഥികൾക്കും വേണ്ടിയും അണിയറയിൽ ഒരുങ്ങുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള പ്രാെഫണൽ കലാകാരന്മാരെ ഇതിനകം ബുക്ക് ചെയ്ത് കഴിഞ്ഞു.
വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാവും ആവനാഴിയിലെ ബ്രഹ്മാസ്ത്രങ്ങൾ പുറത്തെടുക്കുക. ഓരോ സമ്മേളന വേദികളിലും സ്ഥാനാർത്ഥികളെ വരവേൽക്കാൻ ഉപയോഗിക്കുന്ന വർണ്ണക്കടലാസ് മഴയാണിപ്പോൾ ട്രെൻഡ്. ഉത്സവ പറമ്പുകളിൽ ഹിറ്റായതോടെയാണ് പോപ്പറുകൾക്ക് പ്രചരണ വേദികളിലും ഡിമാൻഡ് വർദ്ധിച്ചത്. ഓരോ പാർട്ടികളും അവരുടെ കൊടിയുടെ നിറത്തിന് ആനുപാതികമായ വർണ പേപ്പറുകളാണ് ബ്ളോവറുകളിൽ ഉപയോഗിക്കുന്നത്.
പിടിവിട്ട് ചെലവ് ഉയരും
മികച്ച കലാകാരന്മാരെ രംഗത്തിറക്കുമ്പോൾ ചെലവ് അതിനനുസരിച്ച് വർദ്ധിക്കും
അഡ്വാൻസ് നൽകിയില്ലെങ്കിൽ കലാകാരൻമാരെ കിട്ടാതെ വന്നേക്കാം
ഉത്സവ സീസണായതിനാൽ വിവിധ കലാകാരൻമാരും തിരക്കിലാണ്
ചെണ്ട മേളത്തിന് ആളുടെ എണ്ണത്തിനും ചുവടുകൾക്കും അനുസരിച്ച് നിരക്ക് കൂടും.
10000
ജാഥകളിൽ പോപ്പറുകൾ പ്രവർത്തിപ്പിക്കുന്നതിന് പതിനായിരം രൂപയിലധികമാണ് ഒരു ദിവസത്തെ ചെലവ്
നാടകവും നാടൻപാട്ടും
കൊട്ടിക്കലാശത്തോട് അടുക്കുന്ന ദിവസങ്ങളിൽ മെഗാഷോ മോഡൽ പരിപാടികളാണ് പല മുന്നണികളും പ്ലാൻ ചെയ്യുന്നത്. എറണാകുളത്ത് നിന്നുള്ള ഗായകരെയും നർത്തകരെയും രംഗത്തിറക്കാനാണ് യു.ഡി.എഫിന്റെ മണ്ഡലം തല സാംസ്ക്കാരിക വിഭാഗം തീരുമാനിച്ചിട്ടുള്ളത്. ആശയങ്ങൾ ജനമനസ്സുകളിൽ എത്തിക്കാൻ ചെറു നാടകങ്ങളും ഉണ്ടാകും. നടൻ രവീന്ദ്രൻ, സംവിധായകൻ ആലപ്പി അഷറഫ്, പ്രൊഡക്ഷൻ എക്സിക്യുട്ടിവ് എ.കബീർ, നെടുമുടി ഹരികുമാർ തുടങ്ങിയവരാണ് സാംസ്ക്കാരിക പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. അടുത്ത ദിവസങ്ങളിൽ നാടകം സംബന്ധിച്ച ചർച്ചകൾ നടക്കും. ഇടത്, എൻ.ഡി.എ തിരഞ്ഞെടുപ്പ് വേദികളിലും നാടൻ പാട്ടുൾപ്പടെയുള്ള കലാരൂപങ്ങൾ എത്തും. അമ്മൻകുടം പോലുള്ള അഴകുള്ള കാഴ്ച്ചകളും വരും ദിവസങ്ങളിൽ പ്രചരണ ജാഥകൾക്കൊപ്പം കാണാം.