ആലപ്പുഴ: ശക്തമായ വേനൽക്കാലത്ത് പോലും ഈർപ്പത്തിന്റെ പേരിൽ നെല്ലിന് കിഴിവ് വേണമെന്നുള്ള മില്ല് ഉടമകളുടെ ദുർവാശിക്ക് വിധേയമായി കൃഷിക്കാർ നെല്ല് നൽകേണ്ട സാഹചര്യം ഒഴിവാക്കുവാൻ,​ കളക്ടർ അടിയന്തരമായി ഇടപെടണമെന്ന് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യം ഉന്നയിച്ചു.മഴക്കാലത്ത് നെല്ല് സംഭരിക്കുമ്പോൾ ഈർപ്പത്തിന്റെ പേരിൽ പിരിവ് ആവശ്യപ്പെടുന്നത് മനസിലാക്കാവുന്നതാണ്. വേനൽക്കാലത്തും മൂന്ന് കിലോ നെല്ല് കുറഞ്ഞത് കിഴിവ് വേണമെന്നുള്ള ഉടമകളുടെ ആവശ്യത്തെ കൃഷിക്കാർ അംഗീകരിക്കുകയില്ല. കൃഷിക്കാരും മില്ലു ഉടമകളുമായിട്ടുള്ള കിഴിവ് തർക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ മുൻകൈയെടുത്ത് അവസാനിപ്പിക്കാനുള്ള നടപടികൾക്ക് നിർദേശം കളക്ടർ നൽകണമെന്ന് കർഷക ഫെഡറേഷൻ ആവശ്യം ഉന്നയിച്ചു.