
കരുവാറ്റ : ശ്രീനാരായണഗുരു സന്ദേശങ്ങൾക്ക് അനുസൃതമായി ജാതിമത ചിന്തകൾക്ക് അതീതമായ പുരോഗമനപരമായ ആശയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന സാംസ്‌കാരിക കേന്ദ്രങ്ങളാകണം ശ്രീനാരായണ പ്രസ്ഥാനങ്ങളെന്ന് കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ പറഞ്ഞു. കരുവാറ്റ ശ്രീനാരായണ ധർമ്മസേവാസംഘത്തിന്റെ 56-ാം വാർഷിക മഹോത്സവത്തിലെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ധർമ്മസേവാസംഘം പ്രസിഡന്റ് ദിനു വാലുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി അഡ്വ. ആർ.രാജേഷ്ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണ ധർമ്മ സേവാ സംഘത്തിലെ 56-ാം വാർഷിക മഹോത്സവത്തിന്റെ സബ് കമ്മിറ്റി അംഗങ്ങളേയും കേരള യൂണിവേഴ്‌സിറ്റി സംസ്ഥാന യുവജനോത്സവത്തിൽ മിമിക്രിക്ക് ഒന്നാം സ്ഥാനം നേടിയ സ്‌നേഹാ പ്രകാശിനെയും ആദരിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അനസലി, ജോയിന്റ് കൗൺസിൽ സംസ്ഥാന സമിതി അംഗം വി.ഷൈലേഷ്, മഹാകവി കുമാരനാശാൻ പദയാത്രാ സമിതി സെക്രട്ടറി വി.സുരേഷ് എന്നിവർ സംസാരിച്ചു. ശ്രീനാരായണ ധർമ്മസേവാസംഘം സെക്രട്ടറി എം.ജോഷിലാൽ സ്വാഗതവും വൈസ് പ്രസിഡന്റ് എ.സുനിൽകുമാർ നന്ദിയും പറഞ്ഞു.