കൊച്ചി: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച മൂന്ന് വയസുകാരന്റെ ചികിത്സയ്ക്കുള്ള മരുന്നിന് ജി.എസ്.ടി ഒഴിവാക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നികുതിയിളവ് ആവശ്യപ്പെട്ട് കുഞ്ഞിന്റെ അമ്മ കേന്ദ്ര ധനമന്ത്രിക്ക് അപേക്ഷ നൽകിയ സാഹചര്യത്തിലാണ് മരുന്ന് വിതരണക്കാരായ എറണാകുളത്തെ എ.ഡി.എസ്. കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗിസ്റ്റ്‌സിന് ജസ്റ്റിസ് പി. ഗോപിനാഥിന്റെ നിർദ്ദേശം.
സ്വിറ്റ്‌സർലൻഡിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന റിസ്ഡിപ്ലം എന്ന മരുന്നിന് ഒരു കുപ്പിക്ക് 60,000 രൂപ ജി.എസ്.ടി അടക്കം 6.07 ലക്ഷം രൂപ വിലയുണ്ട്.
ഇറക്കുമതി ചെയ്യുന്ന ജീവൻരക്ഷാ മരുന്നുകൾക്ക് നികുതിയിളവ് നൽകാൻ കേന്ദ്ര ധനമന്ത്രിയെ ചുമതലപ്പെടുത്തി 2018 മാർച്ചിൽ ജി.എസ്.ടി കൗൺസിൽ തീരുമാനമെടുത്തിരുന്നു. ആലപ്പുഴ ചുനക്കര സ്വദേശിയായ അമ്മ കഴിഞ്ഞ ഒക്ടോബറിൽ ധനമന്ത്രാലയത്തിന് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് കോടതിയെ സമീപിച്ചത്. ജി.എസ്.ടി ഈടാക്കാതെ മരുന്ന് നൽകാനാണ് വിതരണക്കാർക്ക് കോടതി നിർദ്ദേശം. ഇക്കാര്യത്തിൽ ബുദ്ധിമുട്ട് നേരിട്ടാൽ വിതരണക്കാർക്ക് കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.