ആലപ്പുഴ: ലോക്‌സഭാതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രചരണശക്തമാക്കി മുന്നണികൾ. എ.എം.ആരിഫിന് കായംകുളത്തും ശോഭാസുരേന്ദ്രൻ കരുനാഗപ്പള്ളിയിലും പര്യടനം നടത്തി. കെ.സി.വേണുഗാപാലിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്നലെ നടന്നു.

മൂന്നാംതവണയും കായംകുളത്തെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന് സ്വീകരണം നൽകി. രാവിലെ എം.എസ്.എം കോളേജിൽ നിന്നാണ് പര്യടനം തുടങ്ങിയത്. കെ.പി.എ.സിയിലെത്തി നാടക പ്രവർത്തകരെയും പകൽ വീട്ടിലെത്തി അന്തേവാസികളെയും കണ്ട് വോട്ട് അഭ്യർത്ഥിച്ചു. വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അനദ്ധ്യാപകരെയും കണ്ട് വോട്ടഭ്യർത്ഥിച്ചു. കോളേജിന് എതിർവശത്തെ ബാങ്ക് കോച്ചിംഗ് സെന്ററിലെത്തി പരിശീലകരുടെയും വിദ്യാർത്ഥികളുടെയും പിന്തുണ തേടി.

കായംകുളം വനിത പോളിടെക്നിക് കോളേജ്,​ ആസ്പയർ പി.എസ്.സി പരിശീലന കേന്ദ്രം,​ കായംകുളം ബി.എഡ് സെന്റ‌ർ,​ നാഷണൽ പാരാമെഡിക്കൽസ്,​ ഏവിയേഷൻ സെന്റർ എന്നിവടങ്ങളും സന്ദർശിച്ചു. കരീലക്കുളങ്ങര, കണ്ടല്ലൂർ, കറ്റാനം മണ്ഡലം കൺവെൻഷനുകളിലും കരുനാഗപ്പള്ളി നിയോജക മണ്ഡലം കൺവെൻഷനുകളിലും പങ്കെടുത്തു.

എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെത്തി പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. സമുദായിക സാംസ്‌കാരിക നേതാക്കളെ സന്ദർശിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.എൻ.വി.അയ്യപ്പൻപിള്ള, എസ്.എൻ.ഡി.പിയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് എ.സോമരാജൻ, ധീവര സഭ ജില്ലാ സെക്രട്ടറി ബി.പ്രിയകുമാർ, കെ.പി.എം.എസ് നേതാവ് വിമോഷ് എന്നിവരെ സന്ദർശിച്ചു. തുടർന്ന് കരുനാഗപ്പള്ളി അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കോഴിക്കോട് മാർത്തോമാ പള്ളി വികാരി ഫാദർ തോമസ് കോശിയെ സന്ദർശിച്ചു. അഴീക്കൽ പൂക്കോട്ട് ദേവീക്ഷേത്ര സന്ദർശനത്തോടെ പര്യടനം അവസാനിച്ചു.

കെ.സിയുടെ ഓഫീസ് ഉദ്ഘാടനം

യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗാപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സമ്പൂർണ്ണ യോഗവും ഹരിപ്പാട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടന്നു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സമ്പൂർണ്ണ യോഗം എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥും നിർവഹിച്ചു.