ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ജനവാസ കേന്ദ്രത്തിൽ ആറുമാസമായി പ്രവർത്തിക്കുന്ന ജൈവമാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത്.പ്ലാന്റ് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് കാട്ടിയാണ് മൂന്ന്,അഞ്ച് വാർഡുകളിലെ ജനങ്ങൾ കർമ്മസമിതി രൂപികരിച്ചു രംഗത്തുവന്നത്. കഴിഞ്ഞ ദിവസം ഇവിടേക്കുവന്ന മാലിന്യ വാഹനം നാട്ടുകാർ തടഞ്ഞ് ആർ.ഡി.ഒ ക്കു കൈമാറിയിരുന്നു.
പ്രദേശത്താകെ രൂക്ഷഗന്ധം പടരുകയാണെന്നും ഈച്ച പെരുകി വലിയ പ്രതിസന്ധിയാണെന്നുമാണ് പരാതി. കഴിഞ്ഞ ദിവസം ഇവിടെ പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചെന്നാരോപിച്ച് പ്രദേശവാസികൾ പരാതി ഉയർത്തിയിരുന്നു. പൊലീസെത്തിയാണ് പ്രശ്ന പരിഹാരം നടത്തിയത്.
ആലപ്പുഴക്കു പുറമെ സമീപ ജില്ലകളിൽ നിന്നും ദിവസേന നിരവധി ലോഡ് ഹോട്ടൽമാലിന്യം ഇവിടേക്കെത്തുന്നുണ്ട്.ശാസ്ത്രീയമാർഗങ്ങളൊന്നുമില്ലാതെയാണ് ഇതു സംസ്‌കരിക്കുന്നതെന്ന് ആരോപണമുണ്ട്. അടുത്തിടെ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതും പ്ലാന്റിനു സമീപ പ്രദേശത്തായിരുന്നു. പ്ലാന്റിനെതിരെ കളക്ടർക്കും സർക്കാരിനും പഞ്ചായത്തിനും മലിനീകരണ നിയന്ത്റണബോർഡിനും പരാതിനൽകിയിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നു കർമ്മസമിതി ജനറൽ കൺവിനർ മാത്യുകൊല്ലേലി ഭാരവാഹികളായ പി.എസ്.സൈന,ബിബിതസുനിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാഷ്ട്രീയനീക്കമെന്ന് സംരക്ഷകൻ
ശാസ്ത്രീയമായ എയ്‌റോബിക്ക് വിൻഡ്രോ കമ്പോസ്റ്റിംഗ് എന്ന ശാസ്ത്രീയ സംവിധാനത്തിലൂടെയാണ് ഇവിടെ മാലിന്യ പ്ലാന്റ് പ്രവർത്തിക്കുന്നത്.ജലാശയങ്ങളെ മാലിന്യമുക്തമാക്കാനുളള പ്രചരണത്തിന്റെ ഭാഗമായാണ് തീർത്തും ജൈവ സംവിധാനമുള്ള പ്ലാന്റ് പ്രവർത്തനം തുടങ്ങിയതെന്ന് സംരംഭകനായ ആർ.സബീഷ് പറഞ്ഞു.എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണിപ്പോൾ നടക്കുന്നത്.സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ച് ജനവാസം കുറഞ്ഞ പ്രദേശത്താണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. 300 മീറ്റർ അകലെയാണ് വീടുകൾ. ഇതൊക്കെയാണെങ്കിലും പ്രദേശവാസികൾ ഉയർത്തിയിരിക്കുന്ന ആശങ്കകൾ പരിശോധിച്ച് ന്യൂനതകളുണ്ടെങ്കിൽ പരിഹരിക്കാനും തയ്യാറാണെന്ന് സബിഷ് പറഞ്ഞു.