photo

ആലപ്പുഴ: സംസ്ഥാനത്തെ വിദ്യാലയങ്ങൾ നടപ്പിലാക്കിയ നൂതനാശയ പ്രവർത്തനങ്ങളിൽ മികച്ച കണ്ടെത്തുന്നതിനായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) സംഘടിപ്പിച്ച മികവ് സീസൺ - 5 തിരഞ്ഞെടുപ്പിൽ,​ ജില്ലയിലെ കുട്ടനാട് കാവാലം ഗവ.എൽ.പി.സ്‌കൂളിന് അംഗീകാരം. ജില്ലാ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ സംസ്ഥാനതല അവതരണത്തിലൂടെയാണ് മികച്ച പ്രവർത്തനങ്ങൾ കണ്ടെത്തിയത്. സംസ്ഥാനത്താകെ 12 വിദ്യാലയങ്ങൾക്കാണ് വ്യത്യസ്ത മേഖലകളിലുള്ള പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ചത്. പട്ടികയിൽ ജില്ലയിൽ നിന്നുള്ള ഏക വിദ്യാലയമാണിത്. പഠനത്തിന്റെ നിശ്ചിതഘട്ടം പിന്നിടുമ്പാൾ രക്ഷിതാക്കൾക്ക് കുട്ടികളുടെ വിവിധ ശേഷികളെ സംബന്ധിക്കുന്ന സൂക്ഷ്മതല വിവരങ്ങളടങ്ങിയ സമഗ്രവിലയിരുത്തൽ രേഖ സമ്മാനിക്കുന്ന വിധത്തിലാണ് പദ്ധതിയുടെ നിർവഹണമെന്ന് പ്രഥമാദ്ധ്യാപിക സി.സിന്ധുകുമാരി, പദ്ധതിക്കു നേതൃത്വം നൽകിയ അദ്ധ്യാപകൻ പി.തോമസ് എന്നിവർ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട പദ്ധതികളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷൻ നടത്തി മറ്റുവിദ്യാലയങ്ങൾക്കും ലഭ്യമാക്കുന്നതിന് വിദ്യാഭ്യാസവകുപ്പ് നടപടികൾ സ്വീകരിക്കും.