
എരമല്ലൂർ: ഉയരപ്പാത നിർമ്മാണം കുഴികളും കൂനകളും അപകടകെണികളാകുന്നു.തുറവൂർ മുതൽ അരൂർ വരെ പാതയ്ക്കിരുവശങ്ങളിലുമായി നൂറു കണക്കിന് കുഴികളും കൂനകളുമാണ് ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടഭീഷണിയാകുന്നത്.നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ അടിയ്ക്കടി ഉണ്ടാവുന്ന അപകടം വർദ്ധിച്ചുവരുന്നതൊടൊപ്പം മരണനിരക്കും പരിക്കേൽക്കുന്നവരുടെ എണ്ണവും കൂടുന്നു.
ഒരു വരി പാതയ്ക്ക് സമീപം കുഴികളും കൂനകളും അപകടകാരികളായി തുടരുമ്പോഴും കരാർ കമ്പനി അധികൃതർ പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കാത്തതിൽ ജനങ്ങളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഒന്നിന് പിറകെ ഒന്നായി നിയന്ത്രണം ഇല്ലാതെ പാഞ്ഞു വരുന്ന ചെറിയ ചരക്ക് - ഇരുചക്ര വാഹനങ്ങളും മുന്നിലൂടെ പോകുന്ന , വാഹനങ്ങൾ മറികടക്കാൻ തുടർച്ചയായി ഹോൺ മുഴക്കം ഉണ്ടാക്കുന്നതും ഇത്തരം വാഹനങ്ങൾ അപകടത്തിൽ പെടുന്നതിനും കാരണം ആകുന്നുണ്ട്. ഒറ്റ തൂൺ നിർമ്മാണത്തിനിടെ ലഭിക്കുന്ന പൂഴിയും മണലും മെറ്റലുകളും ഇട്ടു കുഴികൾ അടച്ചു നിരപ്പാക്കി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
......
# നീക്കം ചെയ്യാതെ കുറ്റികൾ
പാതയ്ക്കിരുവശങ്ങളിലുമായി നിന്നിരുന്ന വൃക്ഷങ്ങൾ വെട്ടിമാറ്റിയെങ്കിലും മരങ്ങളുടെ ചുവടുകൾ ഇതുവരെയും നീക്കം ചെയ്തിട്ടില്ല.വൈദ്യുതിപോസ്റ്റുകൾ , ട്രാൻസ് ഫോർമർ, കേബിളുകൾ ഇവയൊക്കെ ഒരു വരി പാതയ്ക്ക് സമീപം അലക്ഷ്യമായി കിടക്കുന്നതും പോസ്റ്റുകൾ മാറ്റിയിടുന്നതിനയി എടുക്കുന്ന കുഴികളും അപകടകാരണമായി തുടരുന്നു.