ambala

അമ്പലപ്പുഴ: പുറക്കാട് തീരത്ത് കടൽ ഉൾവലിഞ്ഞത് പരിഭ്രാന്തി പരത്തി.ഇന്നലെ രാവിലെ 6 ഓടെയായിരുന്നു സംഭവം. പുറക്കാട് ജംഗ്ഷന്റെ ഇരുഭാഗങ്ങളിലുമായി 300 മീറ്ററോളം ദൂരത്ത് 50 മീറ്ററോളം കടൽ ഉൾവലിയുകയായിരുന്നു. സംഭവം അറിഞ്ഞ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടി.സുനാമി സമയത്തും മൂന്ന് വർഷം മുമ്പും ഇതുപോലെ കടൽ ഉൾവലിഞ്ഞിരുന്നെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നത്.ചാകര പ്രദേശമായതിനാൽ കടൽ ഉൾവലിഞ്ഞ ഭാഗത്ത് ചെളി നിറഞ്ഞു. തീരത്ത് നങ്കൂരമിട്ടിരുന്ന പല വള്ളങ്ങളും ചെളിയിൽ പൂണ്ടു. ചിലവള്ളങ്ങൾ വലിച്ച് കരക്കെത്തിച്ചു.മത്സ്യബന്ധനത്തിന് പോയിരുന്ന പല വള്ളങ്ങളും ഈ പ്രദേശത്ത് അടുപ്പിക്കാനാവാതെ മറ്റു സ്ഥലങ്ങളിലേക്ക് പോയി. ഉച്ചയോടെ പകുതി സ്ഥലത്തോളം കടൽ വെള്ളം നിറഞ്ഞെങ്കിലും രണ്ടു ദിവസമെടുക്കും പൂർവ്വസ്ഥിതിയിലാകാൻ. കടൽ ഉൾവലിയുമ്പോൾ ശക്തമായ തിരമാലകളോടെ തിരിച്ചെത്താറുള്ളതാണ് മത്സ്യത്തൊഴിലാളികളെ പരിഭ്രാന്തരാക്കിയത്.തീരദേശ പൊലീസ്,റവന്യൂ, പഞ്ചായത്ത് അധികൃതർ എന്നീവകുപ്പുകൾക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്.