bridge

ആലപ്പുഴ: പള്ളാത്തുരുത്തിപ്പാലത്തിന്റെ നിർമ്മാണം പുരോഗമിക്കവേ, യാത്രക്കാർക്ക് തലവേദനയായി എ.സിറോഡിലെ ഗതാഗത കുരുക്ക്. നിർമ്മാണത്തിന്റെ ഭാഗമായുള്ള പൈലിംഗ്,​ പില്ലറുകൾ സ്ഥാപിക്കൽ എന്നിവയ്ക്ക് ക്രെയിനുൾപ്പെടെയുള്ള യന്ത്രങ്ങൾ റോഡിൽ നിർത്തിയിട്ട് പ്രവർ‌ത്തിപ്പിക്കുന്നതാണ് ഗതാഗത തടസത്തിന് കാരണം. പമ്പയാറിന് കുറുകെയുള്ള പാലത്തിന്റെ സ്ട്രക്ചർ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്.

അരകിലോ മീറ്ററോളം ദൈർഘ്യമുള്ള പാലത്തിനായി ഏതാണ്ട് നൂറോളം പില്ലറുകളും ഗർഡറുകളും നിർമ്മിക്കേണ്ടതുണ്ട്. പൈലിംഗ് പൂർത്തിയായ ഭാഗത്ത് പില്ലറുകളുടെ നിർമ്മാണം കഴിഞ്ഞാൽ മാത്രമേ പില്ലർ ക്യാപ്പുകളുടെയും ഗർഡറുകളുടെയും നിർമ്മാണം ആരംഭിക്കാനാകു.

പാലത്തിൽ ക്രെയിൻ,​ നടുറോഡിൽ യാത്രക്കാർ

പില്ലറുകളുടെ നിർമ്മാണത്തിനുള്ള കൂറ്റൻ കമ്പിവളയങ്ങൾ ക്രെയിനിന്റെ സഹായത്തോടെയാണ് കായലിലേക്ക് ഇറക്കുന്നത്. ഇരുപതടിയോളം നീളമുള്ള കമ്പിക്കാലുകൾ പാലത്തിൽ നിന്നാണ് കായലിലേക്ക് കുത്തനെ സ്ഥാപിക്കുന്നത്. നിർമ്മാണം പുരോഗമിക്കുന്ന പകൽ സമയത്ത് ക്രെയിൻ പ്രവർത്തിപ്പിക്കാനായി പാലത്തിലൂടെയുള്ള വാഹനങ്ങൾ തടയുന്നതാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. നട്ടുച്ചയ്ക്ക് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ പാലത്തിൽ തടയുന്നതിനാൽ കൊടും ചൂട് സഹിച്ച് റോഡിൽ കാത്തുനിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. നിലവിലെ സാഹചര്യം അനുസരിച്ച് ഏഴുമാസമെങ്കിലുമെടുക്കും പാലം പൂർത്തിയാകാൻ.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് പാലത്തിന്റെ നിർമ്മാണ ചുമതല.