ആലപ്പുഴ: മോദി സർക്കാർ അധികാരത്തിൽ തിരികെയെത്തുമെന്ന പിണറായിയുടെ ബോധ്യവും ഇന്ത്യ മുന്നണിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവുമാണ് രാഹുൽ ഗാന്ധിയുടെ ന്യായ്‌ യാത്രയുടെ സമാപന യോഗത്തിൽ നിന്ന് സി.പി.എം വിട്ടു നിന്നതെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ആരോപിച്ചു. ആലപ്പുഴ പാർലമെന്റ് മണ്ഡലം എൻ.ഡി.എ നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കേരള സി.പി.എം എടുക്കുന്ന നിലപാടാണ് ദേശീയ നേതൃത്വം നടപ്പിലാക്കുന്നത്. കേരളത്തിലെ ചില മണ്ഡലങ്ങളിൽ യു.ഡി.എഫുമായി സി.പി.എം ധാരണയുണ്ടാക്കിയിട്ടുണ്ട്. മലപ്പുറത്തും പൊന്നാനിയിലും ദുർബല സ്ഥാനാർത്ഥികളെ നിർത്തിയും ആലപ്പുഴയിൽ ആരിഫിനെ സഹായിക്കാൻ സി.പി.എം നോമിനിയായി കെ.സി.വേണുഗോപാൽ വന്നതും ഇതിന് ഉദാഹരണമാണെന്ന് ശോഭ പറഞ്ഞു.