ആലപ്പുഴ : ആലപ്പുഴയെ സമ്പൂർണ ഭൗമവിവര നഗരസഭയായി മാറ്റുന്നതിന്റെ ഭാഗമായുള്ള ഡ്രോൺ മാപ്പിംഗ് പൂർത്തിയായി. ഡ്രോൺ മാപ്പിംഗിലൂടെയും നേരിട്ടുള്ള വിവര ശേഖരണത്തിലൂടെയും ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ജിയോ മാപ്പിംഗ് നടത്തിയാണ് ഭൗമവിവരങ്ങളെല്ലാം ഒറ്റ ക്ലിക്കിൽ ലഭിക്കുന്ന സംവിധാനം ഒരുക്കുന്നത്. ജലസ്രോതസുകൾ, റോഡുകൾ, കെട്ടിടങ്ങൾ, തെരുവു വിളക്കുകൾ, കുടിവെള്ള പൈപ്പുകൾ, വിദ്യാഭ്യാസ- ആരോഗ്യ സ്ഥാപനങ്ങൾ, കുളങ്ങൾ, തോടുകൾ, കിണറുകൾ, പാലങ്ങൾ തുടങ്ങിയവയെല്ലാം ഡ്രോൺ ഉപയോഗിച്ച് കണ്ടെത്തുകയും കെട്ടിടങ്ങളുടെ വിസ്തീർണ്ണം, കുടുംബാംഗങ്ങളുടെ പൊതു വിവരങ്ങൾ എന്നിവയാണ് നേരിട്ട് ശേഖരിക്കുകയുമാണ് ചെയ്യുന്നത്. സർവ്വേ നടപടികൾ 50 ശതമാനം പിന്നിട്ടു. ഒരുവർഷത്തിനുള്ളിൽ സർവേ പൂർത്തിയാക്കിയാൽ മതിയാകും. കരകുളം ഗ്രാമീണ പഠന കേന്ദ്രത്തിലെ വിദഗ്ദ്ധരാണ് സാങ്കേതിക സഹായം നൽകുന്നത്. സർവ്വേ പൂർത്തിയായ ശേഷം മെബൈൽആപ്പും പ്രവർത്തന ക്ഷമമാക്കും.

എല്ലാം 'ആപ്പി'ലാകും

ജിയോ മാപ്പിംഗ് വഴി നഗരസഭാപരിധിയിലെ നിർമ്മിതികളുടെയും എണ്ണം, വിസ്തീർണം, ജലാശയങ്ങളുൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങളുടെയും വിവരങ്ങൾ, തെരുവുവിളക്കുകളുടെ എണ്ണം, ഉപയോഗിച്ചിരിക്കുന്ന ബൾബ്, പൊതു പൈപ്പുകൾ, കൃഷി വിളകൾ തുടങ്ങി നഗരസഭാ പരിധിയിലെ ഓരോ സ്ഥലത്തിന്റെയും പൂർണ വിവരങ്ങളാണ് ലഭിക്കുക.

പദ്ധതി തുക

₹ 62 ലക്ഷം

ഡ്രോൺ മാപ്പിംഗിലെ വിവരങ്ങളും സാമൂഹിക,​ സാമ്പത്തിക സർവ്വേ വഴി ശേഖരിക്കുന്ന വിവരങ്ങളും ക്രോഡീകരിച്ച് ജിയോ മാപ്പിംഗ് നടത്തിയാണ് ആപ്പിൽ ഉൾപ്പെടുത്തുക

- കരകുളം ഗ്രാമീണ പഠന കേന്ദ്രം