kottykkal-palam

മാന്നാർ: ആലപ്പുഴ-പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് പമ്പ നദിക്ക് കുറുകെയുള്ള മാന്നാർ കുരട്ടിക്കാട് കോട്ടയ്ക്കൽ കടവ് പാലം നിർമ്മാണം നീളുന്നു. രണ്ടു വർഷം മുമ്പ് പാലം നിർമ്മിക്കുന്നതിനുള്ള അനുമതി ലഭിച്ചെങ്കിലും സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച കാലതാമസമാണ് പാലത്തിന്റെ നിർമ്മാണം നീളുന്നതിനു കാരണം. ഇപ്പോൾ 20 വർഷം മുമ്പ് പണിത ആംബുലൻസ് പാലമാണ് ഇവിടുള്ളത്. ഇതിലൂടെ വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയില്ല. നിലവിലുള്ള അബുലൻസ് പാലം 2004ൽ ശോഭനാ ജോർജ് എം.എൽ.എ ആയിരിക്കുമ്പോൾ അന്നത്തെ പൊതുമരാമത്ത് മന്ത്രി എം.കെ.മുനീർ ഉദ്ഘാടനം ചെയ്തതാണ്. പരുമല പള്ളി, ആശുപത്രി, പമ്പാകോളേജ്, പനയന്നാർകാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് മാന്നാർ ടൗണിലെ തിരക്കിൽപ്പെടാതെ പെട്ടെന്ന് എത്തുവാൻ കഴിയുമെന്നതിനാൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ പാലമാണിത്. ഇത് പൊളിച്ച് പുതിയ വലിയ പാലം നിർമ്മിക്കുന്നതോടെ മാന്നാറിന്റെ ഗതാഗതക്കുരുക്കിനും ആശ്വാസമാകും.നാടിന്റെ വികസന സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാകുന്നതിന് മാന്നാർ കുരട്ടിക്കാട് കോട്ടയ്ക്കൽ കടവ് പാലം നിർമ്മാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

.....

# സമാന്തര പാതയായി കോട്ടയ്ക്കൽ കടവ് പാലം

പരുമലയിൽ നിന്നു വളഞ്ഞവട്ടത്തേക്ക് അച്ചൻകോവിലാറ്റി​ൽ ഉപദേശിക്കടവ് പാലം നിർമ്മാണം പൂർത്തിയായി വരികയാണ്. ഇതോടൊപ്പം മാന്നാർ കുരട്ടിക്കാട് കോട്ടയ്ക്കൽ കടവ് പാലംകൂടി യാഥാർത്ഥ്യമായാൽ കായംകുളം- തിരുവല്ല സംസ്ഥാന പാതയിലൂടെ എത്തുന്ന വാഹനങ്ങൾക്ക് തിരക്കിൽപ്പടാതി​രി​ക്കാനുള്ള സമാന്തര പാതയായി ഇതുപകരിക്കും. കായംകുളം, മാവേലിക്കര നിന്നും വരുന്ന വാഹനങ്ങൾക്ക് മാന്നാർ ടൗണിലെ തിരക്കിൽ പെടാതെ സ്റ്റോർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസ് റോഡിലൂടെ പരുമലയിൽ എത്തിച്ചേരാൻ കഴിയും .കോട്ടയ്ക്കൽകടവ് ആംബുലൻസ് പാലത്തിനുപകരമായി ഇവിടെ വലിയപാലം വേണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യത്തെതുടർന്ന് സജിചെറിയാൻ എം.എൽ.എ രണ്ട് വർഷംമുമ്പ് ഇതി​നാവശ്യമായ നടപടികൾ സ്വീകരിച്ചു. പാലത്തിന്റെ നിർമ്മാണത്തിന് 15 കോടിയുടെ ഭരണാനുമതി ലഭിക്കുകയും മണ്ണ് പരിശോധന നടത്തുകയും ചെയ്തിരുന്നു.