
മുഹമ്മ : ഡ്രൈ ഡോക്കിന്റെ മറവിൽ നടന്നത് വൻ മണൽക്കൊള്ളയെന്ന് ആരോപണമുയർന്നു. യന്ത്രയാനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി, 2015 ലാണ് മുഹമ്മ പത്താം വാർഡിൽ ലിസി ഗാർഡനു സമീപം വേമ്പനാട് കായലിനോട് ചേർന്ന് ഡ്രൈ ഡോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
9.42 കോടി ചെലവുവരുന്ന പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടത്താനാണ് സർക്കാർ തീരുമാനിച്ചത്. ഇതിനായി ഒരു സ്വകാര്യ കമ്പനിയുമായി കരാർ ഒപ്പിടുകയും ചെയ്തു. കമ്പനി പദ്ധതിക്ക് ആവശ്യമായ 40സെൻറ് വസ്തു നൽകിയാൽ മാത്രം മതി. ഡോക്കിനുള്ള പണം സർക്കാർ നൽകും. 25 കൊല്ലം കൊണ്ട് 13കോടി 10 ലക്ഷം സർക്കാരിന് ലാഭമായി നൽകാം എന്നും കരാറിലുണ്ട്. കരാറുകാരൻ ഇവിടെ ഒരു ഏക്കറോളം സ്ഥലം വാങ്ങിയിരുന്നു. ഇവിടെ കുഴിച്ചപ്പോൾ നല്ലവിലയുള്ള സിലിക്കാമണൽ ലഭിച്ചതോടെ 27 മണലൂറ്റ് യന്ത്രങ്ങൾ ഉപയോഗിച്ച് മണലെടുത്തു. മണൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു.
തകർച്ചാഭീഷണിയിൽ 8 വീടുകൾ
1.ഏഴ് മീറ്ററോളം കുഴിച്ച് മണ്ണെടുത്തെന്നാണ് ആരോപണം
2.മണലൂറ്റിയതോടെ എട്ട് വീടുകൾ അപകട ഭീഷണിയിലായി
3.തീരെ അപകടനിലയിലായ വീടും സ്ഥലവും കമ്പനി വാങ്ങി
4.ഈ വീട്ടുകാർക്ക് മറ്റൊരു സ്ഥലം വാങ്ങി നൽകി
5.മറ്റൊരു വീട്ടുകാരൻ വാടകവീട്ടിലേക്ക് താമസം മാറി
6.നീർചാലുകളും മൂടിയതിനാൽ വെള്ളപ്പൊക്ക ഭീഷണിയും
പദ്ധതി ചെലവ്
9.42 കോടി
ഡോക്കിന്റെ മറവിൽ മണൽക്കൊള്ളയാണ് നടന്നത്.പരാതികൾ നൽകിയ എന്നെ പൈപ്പ് മോഷ്ടിച്ചു എന്ന്ആരോപിച്ച് കള്ളക്കേസിൽ കുടുക്കി ഭീഷണിപ്പെടുത്തി
-വി.എൻ.ദിലീപ്,വാത്തിശ്ശേരി
മണൽ ഊറ്റിയതോടെ 2015ൽ നിർമ്മിച്ച ഞങ്ങളുടെ വീട് അപകടഭീഷണിയിലാണ്
-കെ.ടി.ഷാജി, കിഴക്കേ പറമ്പിൽ