ആലപ്പുഴ: പൈതൃകപദ്ധതി മൊബിലിറ്റി ഹബിൽ ഉൾപ്പെട്ട കോടതിപ്പാലം പൊളിച്ചുപണിക്ക് തടസമായി തിരഞ്ഞെടുപ്പ് വിജ്ഞാപനം. പാലം നിർമ്മാണത്തിന് കരാറെടുത്ത ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിക്ക് സർക്കാരുമായി ധാരണാപത്രം ഒപ്പിടുന്നതിനാണ് പെരുമാറ്റച്ചട്ടം വിലങ്ങുതടിയായത്. ധാരണാപത്രം ഒപ്പിട്ടശേഷം സ്ഥലം വിട്ടുകൊടുത്താൽ മാത്രമേ മേൽപ്പാലവും അടിപ്പാലവും റാമ്പ് റോഡും ഉൾപ്പെട്ട കോടതിപ്പാലത്തിന്റെ നവീകരണം കരാർ കമ്പനിക്ക് തുടങ്ങാനാകു. മാത്രമല്ല,​ നിർമ്മാണത്തിന്റെ ഭാഗമായുള്ള ഒഴിപ്പിക്കലിനെതിരെ

കോടതിപ്പാലത്തിന് സമീപത്തെ കനാലിന്റെ തെക്കേക്കരയിലെ ചില വ്യാപാരികൾ ഹൈക്കോടതിയിൽ ഫയ‍ൽ ചെയ്ത ഹർജി അടുത്തമാസം 11ന് പരിഗണിക്കുന്നുണ്ട്.

പാലം നവീകരണത്തിന്റെ ഭാഗമായി വാട്ടർ അതോറിട്ടി, വൈദ്യുതി, ബി.എസ്.എൻ.എൽ എന്നിവയുടെ പൈപ്പുകളും കേബിളുകളും മാറ്റുന്നതിനുള്ള ഫണ്ട് പാലം നവീകരണ ചുമതലയുള്ള കെ.ആർ.എഫ്.ബിക്ക് നൽകിയിട്ടുണ്ട്.

പൈതൃക ബോട്ട്ജെട്ടി പൊളിക്കും

1. കെ.എസ്.ഇ.ബിക്ക് രണ്ട് കോടിയുടെയും വാട്ടർ അതോറിട്ടി ഒരു കോടി രൂപയുടെയും പ്രവർത്തികളാണ് ടെൻഡർ ചെയ്തിട്ടുള്ളത്. ഉടൻ ജോലികൾ ആരംഭിക്കും. റാമ്പ് റോഡിന് പുറത്തേക്കാണ് വൈദ്യുതി പോസ്റ്റുകളും വാട്ടർ ലൈനുകളും മാറ്റേണ്ടത്

2. വൈദ്യുതി,​ കുടിവെള്ള ലൈനുകൾ മാറ്റുന്നതിനൊപ്പം മാതാബോട്ട് ജെട്ടിയുടെ സമീപം അത്യാവശ്യ സൗകര്യങ്ങളോടെ താത്ക്കാലിക ബോട്ട് ജെട്ടിയുടെ നിർമ്മാണവും പൂർത്തിയാക്കേണ്ടതുണ്ട്. തുടർന്നാകും നിലവിലുള്ള പൈതൃക ബോട്ട് ജെട്ടി പൊളിക്കുക.

3. പഴയ ശൈലിയിലുള്ള കെട്ടിടം,​ കൽപ്പടവുകൾ,​ മേൽക്കൂര,​ ബോട്ടുകൾ വലിച്ചുകെട്ടുന്ന ഇരുമ്പു കൊളുത്തുകൾ എന്നിങ്ങനെ നിരവധി പൈതൃക വസ്‌തുക്കൾ ചേർന്നതാണ് നിലവിലെ ബോട്ട് ജെട്ടി. 500 കോടിയുടെ മൊബിലിറ്റി ഹബ് പൂർത്തിയാകുമ്പോൾ ആധുനിക ബോട്ട് ജെട്ടി തത്‌സ്ഥാനത്ത് ഉയരും