s

ആലപ്പുഴ: അനർഹമായി മുൻഗണനാ വിഭാഗത്തിൽ കയറിക്കൂടി ഭക്ഷ്യധാന്യ സബ്സിഡിയുൾപ്പെടെ ആനുകൂല്യങ്ങൾ കൈപ്പറ്റിയ 10,544 റേഷൻ കാർഡ് ഉടമകൾക്കെതിരെ നടപടിയെടുത്തു. ഇവരെ മുൻഗണനാ വിഭാഗത്തിൽ നിന്ന് പുറത്താക്കി.

കഴിഞ്ഞ നാലുവർഷമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവന്ന പരിശോധനയിലാണ് അനർഹർ മുൻഗണനാ വിഭാഗത്തിൽ കയറിയത് കണ്ടെത്തിയത്. അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരെ സംബന്ധിച്ച പരാതികൾ ലഭിക്കുന്ന മുറയ്ക്ക് വരുംദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് തീരുമാനം. പരാതികൾ വാസ്തവമെന്ന് ബോദ്ധ്യപ്പെട്ടാൽ കൈപ്പറ്റിയ ഭക്ഷ്യ വസ്തുക്കളുടെ മാർക്കറ്റ് വിലയും സാമ്പത്തികാനുകൂല്യങ്ങൾ പലിശയടക്കവും തിരിച്ചടയ്ക്കേണ്ടിവരുമെന്ന് ജില്ലാ സപ്ളൈ ഓഫീസർ അറിയിച്ചു.

മുൻഗണനാ വിഭാഗത്തിൽപ്പെടാത്തവർ

 1000ചതുരശ്ര അടിയ്ക്ക് മുകളിൽ വീടുള്ളവർ

 സ്വന്തമായി നാലുചക്രവാഹനമുളളവർ

 സർക്കാർ ഉദ്യോഗസ്ഥർ

 ഒരേക്കറിന് മുകളിൽ ഭൂമിയുളളവർ

കൂടുതൽ അനർഹർ അമ്പലപ്പുഴയിൽ

(താലൂക്കുകളും മുൻഗണനാ വിഭാഗത്തിൽ നിന്ന് പുറത്താക്കിയ കാർഡുകളുടെ എണ്ണവും)

ചേർത്തല : 2393

അമ്പലപ്പുഴ : 2418

കുട്ടനാട് :1300

കാർത്തികപ്പള്ളി :1929

മാവേലിക്കര : 1524

ചെങ്ങന്നൂർ : 980

അനർഹമായി പലരും മുൻഗണനാവിഭാഗത്തിന്റെ ആനുകൂല്യം കവരുന്നതായി പരാതികൾ ലഭിക്കുന്നുണ്ട്. പരാതികളിൽ പരിശോധന നടത്തി പിഴ ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊണ്ടുവരികയാണ്

- ജില്ലാ സപ്ളൈ ഓഫീസർ, ആലപ്പുഴ