
ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം ശക്തമാക്കി മൂന്ന് മുന്നണികളും. എ.എം.ആരിഫ് ആലപ്പുഴയിലും ശോഭാസുരേന്ദ്രൻ അമ്പലപ്പുഴയിലും ഇന്നലെ പര്യടനം നടത്തി. കെ.സി.വേണുഗാപാലിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കെ.പി.സി.സി ചുമതലപ്പെടുത്തിയ രാഷ്ട്രീയ കാര്യ സമിതിയംഗം കെ.സി.ജോസഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
ചേർത്തല നിയമസഭ മണ്ഡലത്തിലെ ചേർത്തല ടൗൺ വെസ്റ്റ് മണ്ഡലം, മണ്ണഞ്ചേരി, തണ്ണീർമുക്കം, മാരാരിക്കുളം, ഹരിപ്പാട് നിയമസഭ മണ്ഡലത്തിലെ നോർത്ത് മണ്ഡലങ്ങളിൽ കൺവെൻഷനുകൾ നടന്നു. 23 മുതൽ 25 വരെ തീയതികളിൽ വിവിധ നിയോജമണ്ഡലങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ കെ.സി.വേണുഗോപാൽ പങ്കെടുക്കും.
എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ ഇന്നലെ രാവിലെ അമ്പലപ്പുഴ നിയമസഭ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ വോട്ടഭ്യർത്ഥിച്ചു. വൈകിട്ട് ചേർത്തലയിൽ റോഡ് ഷോയും നടത്തി.
ഇന്ന് രാവിലെ മുഹമ്മയിൽ പര്യടനം നടത്തും. ആലപ്പുഴ നിയോജകമണ്ഡലം റോഡ് ഷോ വൈകിട്ട് 3.30ന് കാവുങ്കൽ നിന്ന് ആരംഭിച്ച് കണിച്ചുകുളങ്ങരയിൽ സമാപിക്കും.
എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫ് മണ്ഡലത്തിൽ താരപ്രഭയിലായിരുന്നു. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ തിരഞ്ഞെടുപ്പ് പ്രചരണ ഗാനങ്ങൾ "വിജയ ഗീതങ്ങൾ' പ്രകാശന ചടങ്ങിൽ ഹരിശ്രീ അശോകൻ, നാദിർഷ, വീണനായർ എന്നിവരോടൊപ്പം പങ്കെടുത്തു. ആലപ്പുഴ മണ്ഡലത്തിൽ പര്യടനം നടത്തി. മണ്ഡലത്തിലെ പ്രധാനവ്യക്‌തികളെ നേരിൽ കണ്ടു. ടിപ്പർ തൊഴിലാളികളെയും മറ്റ് മേഖലയിലുള്ളവരെയും കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഡ്രൈവിംഗ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചു.