ആലപ്പുഴ: മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സാപിഴവുണ്ടായി എന്ന തിരുവമ്പാടി സ്വദേശിയുടെ പരാതിയിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷൻ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദാണ് പരാതികൾ പരിഗണിച്ചത്.

പൊലീസ് പീഡനം ആരോപിച്ച് കലവൂർ സ്വദേശി സമർപ്പിച്ച പരാതിയിൽ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും ഹർജിക്കാരൻ തുടർച്ചയായി ഹാജരാകാത്തത്തിന്റെയും അടിസ്ഥാനത്തിൽ നടപടികൾ അവസാനിപ്പിച്ചു. മകളുടെ വിവാഹച്ചെലവ് ഭർതൃവീട്ടിൽ നിന്ന് തിരികെ ലഭിക്കാൻ കളപ്പുര സ്വദേശി നൽകിയ പരാതിയിൽ കുടുംബ കോടതിയെ സമീപിക്കാനും കമ്മീഷൻ നിർദ്ദേശം നൽകി.

കടൽക്ഷോഭത്തിൽ മത്സ്യബന്ധനയാനങ്ങളും അനുബന്ധ ഉപകരണങ്ങളും തകർന്നതിന്റെ

നഷ്ടപരിഹാരം സർക്കാരിൽ നിന്ന് ലഭ്യമാക്കണമെന്ന കലവൂർ സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ ആവശ്യത്തിനും പരിഹരമായി. 10 പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്. ആറ് എണ്ണത്തിൽ തീർപ്പാക്കി. നാല് പുതിയ പരാതികൾ ലഭിച്ചു. ന്യൂനപക്ഷ കമ്മീഷനെ പ്രതിനിധീകരിച്ച് പി.അനിൽകുമാർ, എസ്.ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.